ബിജെപി നേതാക്കളുടെ വാദം തെറ്റ്: പിഎന്‍ബി തട്ടിപ്പ് അരങ്ങേറിയത് മോദി സര്‍ക്കാരിന്റെ കാലത്തെന്ന് സിബിഐ

single-img
17 February 2018

ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11400 കോടിയുടെ തട്ടിപ്പ് നടത്തിയത് 2017-18 വര്‍ഷത്തില്‍ തന്നെയെന്ന് സിബിഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട്. നേരത്തെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ യുപിഎയുടെ കാലത്താണ് തട്ടിപ്പ് നടന്നതെന്ന് പറഞ്ഞിരുന്നു.

2011 മുതല്‍ തട്ടിപ്പ് നടന്നു വരികയായിരുന്നെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. ന്യൂസ് 18 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2011 മുതല്‍ തട്ടിപ്പ് ആരംഭിച്ചിരുന്നെങ്കില്‍ ബാങ്കിന് നഷ്ടമാകുമായിരുന്ന തുക 11,400 കോടിയിലും വളരെ അധികമായേനെ എന്നാണ് വിലയിരുത്തപ്പെടുന്നത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് സി ബി ഐ ചോദ്യം ചെയ്ത പി എന്‍ ബിയിലെ നാല് ഉദ്യോഗസ്ഥരും ഇതേ കാലയളവിലാണ് പി എന്‍ ബിയില്‍ ജോലി ചെയ്തിരുന്നത്. ബെച്ചു തിവാരി, സഞ്ജയ് കുമാര്‍ ബിശ്വാസ്, മൊഹിന്ദര്‍ കുമാര്‍ ശര്‍മ, മനോജ് കാരാട്ട് എന്നീ ഉദ്യോഗസ്ഥരെയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് സി ബി ഐ ചോദ്യം ചെയ്തത്.

നരിമാന്‍ പോയിന്റ് ബ്രാഞ്ചിലെ ചീഫ് മാനേജരായ ബെച്ചു തിവാരി ഫെബ്രുവരി 2015 മുതല്‍ ഒക്ടോബര്‍ 2017 വരെയാണ് അവിടെ ജോലി ചെയ്തിരുന്നത്. മെയ് 2016 മുതല്‍ ഒക്ടോബര്‍ 2017 വരെയാണ് അസിസ്റ്റന്റ് ജനറല്‍ മാനേജരായി സഞ്ജയ് കുമാര്‍ പ്രസാദും നവംബര്‍ 2015 മുതല്‍ ജൂലൈ 2017 വരെയാണ് കണ്‍കറന്റ് ഓഡിറ്ററായി മൊഹിന്ദറും ജോലി ചെയ്തിട്ടുള്ളത്.

സിംഗിള്‍ വിന്‍ഡോ ഓപ്പറേറ്ററായിരുന്ന മനോജ് കാരാട്ട് നവംബര്‍ 2014 നവംബര്‍ മുതല്‍ ഡിസംബര്‍ 2017 വരെയാണ് ജോലി ചെയ്തിരുന്നത്. നീരവ് മോദിക്ക് തട്ടിപ്പ് നടത്താന്‍ സഹായം ചെയ്തു കൊടുത്തെന്ന ആരോപണം ഉയര്‍ന്നിട്ടുള്ള ഗോകുല്‍നാഥ് ഷെട്ടി, മനോജ് കാരാട്ട് എന്നിവരുടെ പേരുകള്‍ സി ബി ഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഗോകുല്‍ നാഥ് നിലവില്‍ ഒളിവിലാണ്.

അതിനിടെ നിരവ് മോദിക്കെതിരായ കുരുക്ക് മുറുകുന്നു. നീരവിന്റെ വിദേശത്തെ സ്ഥാപനങ്ങളുടെ ഇടപാടുകളെല്ലാം തടയണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ധനകാര്യമന്ത്രാലയത്തിന് കത്തയച്ചു. ഇതിനിടെ ഗീതാഞ്ജലി ഗ്രുപ് എംഡി മെഹുല്‍ ചോക്‌സിയും വിദേശത്തേക്ക് കടന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.

ഇന്ത്യയെ കൂടാതെ ന്യൂയോര്‍ക്ക്, ലണ്ടന്‍, ബെയ്ജിങ് തുടങ്ങിയ സ്ഥലങ്ങളിലാണ് നിരവ് മോദിക്കും കുടുംബത്തിനും ബിസിനസ് ഇടപാടുകളുള്ളത്. നിലവില്‍, ഇന്ത്യയിലെ സ്ഥാപനങ്ങളിലെയെല്ലാം വ്യാപാരം നിരവ് മോദി ഗ്രുപ്പ് നിര്‍ത്തിവച്ചിരിക്കുകയാണ്.

എന്നാല്‍, വിദേശത്തുതുടരുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും നിര്‍ത്തിവെക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ 26ഇടങ്ങളില്‍ നടന്ന റെയ്ഡില്‍ ആഭരണമടക്കം 549കോടിയുടെ സ്വത്തുക്കള്‍കൂടി പിടിച്ചെടുത്തു. ഇതോടെ ആകെ കണ്ടെത്തിയ വസ്തുക്കളുടെ മൂല്യം 5649കോടിയായി.

ഇതിനിടെ, ഗീതാഞ്ജലി ഗ്രുപ് ഓഫ് കമ്പനി എംഡിയും, നിരവ് മോദിയുടെ അമ്മാവനുമായ മെഹുല്‍ചോക്‌സിയും വിദേശത്തേക്ക് കടന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം നാലിനാണ് രാജ്യംവിട്ടത്. പതിനോരായിരം കോടിയുടെ തട്ടിപ്പിന്റെ പൂര്‍ണഉത്തരവാദിത്തം പിഎന്‍ബിക്കാണെന്നു ആര്‍ബിഐയും വ്യക്തമാക്കി. ഒരുകൂട്ടം ജീവനക്കാരുടെയും ബാങ്കിന്റെ ആഭ്യന്തരനടത്തിപ്പിലെ വീഴ്ചയുമാണ് തട്ടിപ്പിലൂടെ വ്യക്തമാക്കുന്നതെന്നും ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു.