അബുദാബി നഗരത്തിന്റെ രാത്രി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് മനോഹരമായ ബോട്ട് യാത്ര

single-img
17 February 2018

അബുദാബി: അബുദാബി നഗര ഭംഗി ആസ്വദിച്ചു കൊണ്ടൊരു മനോഹരമായ ബോട്ട് യാത്ര. അബുദാബി മറീന മാള്‍ കോര്‍ണിഷില്‍ നിന്നുമാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര ആരംഭിക്കുന്നത്. ഇരുനിലകളിലുള്ള ആഡംബര നൗകയിലാണ് യാത്ര.

 

 

ഇരുനൂറ്റി എഴുപത്തി അഞ്ച് യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നതാണ് അത്യാഢംബര യാത്രാ ബോട്ട്. അബുദാബി നഗരത്തിന്റെ രാത്രി സൗന്ദര്യം ആസ്വദിച്ചുകൊണ്ടാണ് ഈ യാത്ര. അറബിക് പരമ്പരാഗത ഗാവയും, ഈന്തപഴവും നല്‍കിയാണ് യാത്രക്കാരെ ബോട്ടിലേക്ക് ക്ഷണിക്കുന്നത്.

യാത്ര ആരംഭിക്കുന്നതിനു മുന്നേ യാത്രയുടെ ഓപ്പറേഷന്‍ മാനേജരായ ക്ലിഫര്‍ട് യാത്രക്കാര്‍ക്ക് യാത്രാ വിവരണം നല്‍കും. തുടര്‍ന്ന് യാത്രയുടെ സുരക്ഷയെപ്പറ്റിയുള്ള വിവരണം നല്‍കാനും മറ്റൊരാള്‍ എത്തി. ശ്രദ്ധാപൂര്‍വം കേട്ടിരുന്ന യാത്രക്കാര്‍ വിവരണം അവസാനിപ്പിച്ചപ്പോള്‍ കൈ അടിച്ചാണ് സുരക്ഷാ വിവരണക്കാരന് നന്ദി പറഞ്ഞത്.

മനോഹരമായാണ് ബോട്ടിന്റെ ഉള്‍വശം ക്രമീകരിച്ചിരിക്കുന്നത്. ആഡംബര കെട്ടിടങ്ങളുടെ ഇന്റീരിയര്‍നെ വെല്ലുന്ന രീതിയിലാണ് ബോട്ടിന്റെ നിര്‍മ്മാണം. സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും വിട്ടു വീഴ്ച ഇല്ല. സുരക്ഷാ ജാക്കറ്റുകള്‍ എല്ലാം തന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.

മാത്രമല്ല രാജ്യാന്തര പരിസ്ഥിതി മാനദണ്ഡങ്ങളും, കാര്‍ബണ്‍ മലിനീകരണ തോതും, ശബ്ദം തീര്‍ത്തും കുറഞ്ഞ രീതിയിലുമാണ് ബോട്ടിന്റെ പണി കഴിപ്പിച്ചിരിക്കുന്നത്. മനോഹരമായ പടിയിലൂടെ മുകളിലേക്ക് പോയാല്‍ നഗര ഭംഗി കൂടുതലായി ആസ്വദിക്കുവാന്‍ കഴിയും.

വിഭവ സമൃദ്ധമായ കടല്‍ വിഭവങ്ങള്‍ ഉള്‍പ്പടെ ഉള്ള ഭക്ഷണമാണ് മറ്റൊരു പ്രത്യേകത. മനോഹരമായി തന്നെ ബോട്ടിനുള്ളില്‍ ഭക്ഷണം ക്രമീകരിച്ചിട്ടുമുണ്ട്. ദിവസേന നാല് പ്രാവശ്യമാണ് ബോട്ട് യാത്ര ഉള്ളത്. അതില്‍ അബുദാബി നഗരിയുടെ നിശാ ഭംഗി ആസ്വദിച്ചു പോകുവാനായി എട്ട് മണിക്കാണ് ബോട്ട് പുറപ്പെടുന്നത്.

മറീനയില്‍ നിന്നും ആരംഭിച്ച് ബ്രേക് വാട്ടര്‍, ലുലു ഐലന്റ്, കോര്‍ണിഷ്, മിന പോര്‍ട്ട് അങ്ങനെയാണ് യാത്ര റൂട്ട്. മിക്ക എമിറേറ്റുകളില്‍ നിന്നും ഈ കടല്‍ യാത്ര ആസ്വദിക്കാനായി നിരവധി രാജ്യക്കാര്‍ എത്തുന്നുണ്ടെങ്കിലും, ജര്‍മന്‍ സ്വദേശികളാണ് കൂടുതലായും എത്തുന്നത്.

ബോട്ട് ഓടിക്കുന്ന കപ്പിത്താന്‍ ഔദ്യോഗിക വേഷത്തില്‍ തന്നെ അതീവ ശ്രദ്ധയോടെ തന്നെ തന്റെ ജോലിയില്‍ മുഴുകി ഇരിക്കുകയാണ്. രണ്ട് എന്‍ജിന്‍ സജ്ജീകരിച്ചിരിക്കുന്ന ബോട്ടിന്റെ എന്‍ജിന്‍ ഭാഗങ്ങള്‍ നാല് ക്യാമറയിലെ ദൃശ്യങ്ങളും ഇടയ്ക്കിടെ കപ്പിത്താന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഒന്നിലധികം തവണ ഇതേ യാത്ര ചെയ്ത ഒത്തിരിപേര്‍ ഉണ്ടായിരുന്നു ബോട്ടില്‍. ജീവനക്കാര്‍ക്ക് നന്ദിയും പറഞ്ഞ് വീണ്ടും ഈ മനോഹര യാത്രയില്‍ ഒത്തുചേരാം എന്നും പറഞ്ഞാണ് യാത്രക്കാര്‍ മടങ്ങുന്നത്.