തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ആശ്രിതരുടെ സ്വത്ത് കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

single-img
16 February 2018

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം തങ്ങളുടെ ജീവിത പങ്കാളികളുടെയും മക്കളടക്കമുള്ള ആശ്രിതരുടേയും സ്വത്ത് വിവരങ്ങള്‍ കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി. സ്വത്തിന്റെ ഉറവിടവും സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തണം.

ഇതിന് വേണ്ട ഭേദഗതികള്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഒരു എന്‍ജിഒ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍, ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ണായ വിധി പുറപ്പെടുവിച്ചത്.

എംപിയായോ എംഎല്‍എ ആയോ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പലരും അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ട്. ഇത് തടയാനുള്ള മാര്‍ഗം ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കളുടെ സ്വത്തിന്റെയും വരുമാനത്തിന്റെ ഉറവിടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കുകയാണെന്നും വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടിരുന്നു.

നിലവില്‍ സ്ഥാനാര്‍ഥിയുടെ സ്വത്തു വിവരങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കേണ്ടത് നിര്‍ബന്ധമായിരുന്നില്ല. ഇതിനാണ് സുപ്രധാന വിധിയിലൂടെ സുപ്രീം കോടതി മാറ്റം വരുത്തിയിരിക്കുന്നത്.