കേരളത്തിലെ ന്യൂജന്‍ തലമുറ ഗുരുതരമായ മയക്കുമരുന്ന് കെണിയില്‍: ഉപയോഗിക്കുന്നത് അതിമാരകമായ ആംപ്യൂളുകള്‍

single-img
16 February 2018


കേരളത്തിലെ യുവ തലമുറ ലഹരി തേടി പോകുന്നത് അതിമാരകമായ ആംപ്യൂളുകളിലേക്ക്. സമീപകാലത്ത് സിന്തറ്റിക് ഡ്രഗ്ഗുകള്‍ വില്‍പ്പന നടത്തുവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണെന്ന് എക്‌സൈസ് സംഘം പറയുന്നു. തൃശൂരില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ നേതൃത്വത്തിലുള്ള കമ്മീഷറുടെ സ്‌ക്വാഡും തൃശൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ടി.വി റാഫേലിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീമും തൃശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അജയ്കുമാറും കൂടി മണ്ണുത്തിയില്‍ നിന്നും അതിമാരക മയക്കുമരുന്നായ 28 പെന്റാസോസിന്‍ അംപ്യൂളുകളുമായി കോയമ്പത്തൂര്‍ ഉക്കടം സ്വദേശി വിജയിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

പ്രതിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. ടാറ്റൂ വരക്കുന്നതില്‍ വിദഗ്ധനായ പ്രതി ആവശ്യക്കാര്‍ കൊടുക്കുന്ന ഏത് രൂപത്തിലുള്ള ടാറ്റൂ വരയ്ക്കുന്നതിലും വിദഗ്ധനാണ്. ടാറ്റൂ വരയ്ക്കുമ്പോള്‍ വേദന അറിയാതിരിക്കാനായി ഉപയോഗിക്കുന്ന മയക്കുമരുന്നുകളില്‍ ഏറ്റവും വിലകൂടിയതും ആവശ്യക്കാര്‍ക്ക് ഏറ്റവും പ്രിയമുള്ളതുമായ മയക്കുമരുന്നാണ് ഇയാളില്‍ നിന്നും പിടികൂടിയത്.

ഒരു ഇഞ്ചക്ഷന്‍ എടുത്താല്‍ ആറു മണിക്കൂര്‍ വരെ ലഹരി നിലനില്‍ക്കുന്ന പെന്റാസോസിന് ഒരുഡോസിന് 5000 രൂപയാണ് ഈടാക്കുന്നത്. പ്രസവസമയത്ത് വേദനസംഹാരിയായി ഉപയോഗിക്കുന്ന ഷെഡ്യൂള്‍ഡ്ഡ് എച്ച് വണ്‍ വിഭാഗത്തില്‍പ്പെട്ട ഈ മരുന്നിന് മെഡിക്കല്‍ ഷോപ്പുകളില്‍ 250 രൂപ മാത്രമേ വിലയുള്ളൂ. ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ഇത്തരത്തിലുള്ള മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ല.

ബംഗളൂരു മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന യുവാക്കളില്‍ നിന്നു ഇത്തരത്തിലുള്ള മരുന്നുകള്‍ മെഡിസിന്‍ ഒന്നിന് 2000 രൂപ നിരക്കിലാണ് കിട്ടുന്നതെന്ന് പ്രതി പറഞ്ഞു. 1 ml വീതമുള്ള 28 ആംപ്യൂളുകള്‍ക്ക് 1,40,000 രൂപയാണ് വിപണിമൂല്യം. ഒരു കാലത്ത് ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതും എന്നാല്‍, അശ്രദ്ധമായി ഉപയോഗിച്ചാല്‍ മരണവും മാരകരോഗങ്ങളും പകരും എന്ന കാരണത്താല്‍ ഉപയോഗം കുറഞ്ഞ ഈ മയക്കുമരുന്ന് വ്യത്യസ്തത തേടിയുള്ള യുവാക്കളുടെ പരക്കംപാച്ചില്‍ കാരണമാണ് വീണ്ടും ഉപയോഗത്തില്‍ വന്നത് എന്നാണ് എക്‌സൈസിന് കിട്ടിയ വിവരം.

കഴിഞ്ഞ മാസം തൃശൂര്‍ എക്‌സൈസ് എല്‍.എസ്.ഡി സ്റ്റാമ്പ് കേസില്‍ പിടികൂടിയ പ്രതിയുടെ ദേഹത്തുള്ള ടാറ്റൂ കണ്ട് കൗതുകം തോന്നിയ എക്‌സൈസുകാര്‍ അതിന്റെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ആണ് ഈ പ്രതിയെ കുറിച്ചുവിവരം കിട്ടിയത്. തുടര്‍ന്ന് ടാറ്റൂ വരക്കുന്ന ഒരു യുവാവിന്റെ സഹായത്തോടെ ഒരു പ്രൊഫഷണല്‍ കോളജ് ഹോസ്റ്റലില്‍ ഒരു വലിയ വര്‍ക്ക് ഉണ്ടെന്നും ഒരുപാട് മയക്കുമരുന്ന് വില്‍പ്പന നടക്കും എന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതിയെ തൃശൂരിലേക്ക് വരുത്തിയത്.