വിവാദം അവസാനിക്കുന്നില്ല; ‘മാണിക്യ മലരായ പൂവി’ ഗാനത്തിനെതിരെ വീണ്ടും കേസ്

single-img
16 February 2018


മുംബൈ: “ഒരു അഡാറ് ലവ്” സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. സിനിമയിലെ ‘മാണിക്യ മലരായ പൂവി’ ഗാനം വൈറലായത് പോലെ അതിനെതിരായ പരാതികളും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് എത്തുകയാണ്. ഗാനത്തിനും സംവിധായകന്‍ ഒമര്‍ ലുലുവിനും നടി പ്രിയ പി. വാര്യര്‍ക്കും എതിരെ വീണ്ടും പോലീസില്‍ പരാതിയെത്തി. മുംബൈയിലാണ് ഇത്തവണ കേസ് നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ജിന്‍സി പോലീസ് സ്റ്റേഷനില്‍ ജന്‍ജാഗരണ്‍ സമിതി എന്ന സംഘടനയാണ് പരാതി നല്‍കിയത്. പാട്ടിലെ വരികള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന ആരോപണം തന്നെയാണ് അവിടെയും പരാതിക്ക് അടിസ്ഥാനം.

നേരത്തെ, ഹൈദരാബാദിലെ ഫലക്നാമ സ്റ്റേഷനിലും സമാനമായ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഒമര്‍ ലുലുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പാട്ട് പിന്‍വലിക്കാനുള്ള ആലോചന അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍, പൊതുജനങ്ങളില്‍ നിന്ന് കിട്ടിയ പിന്തുണ പരിഗണിച്ച് തീരുമാനം മാറ്റുകയായിരുന്നു.

പാട്ടിലെ ചില വരികള്‍ മുസ്ലിം സമുദായത്തെ അവഹേളിക്കുന്നു എന്നാണ് മുംബൈയില്‍ കേസ് നല്‍കിയവര്‍ ആരോപിക്കുന്നത്. പാട്ട് മുഴുവനായോ വരികളോ നീക്കം ചെയ്യണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.