ആടിനെ വില്‍പനയ്ക്ക് ചോദിച്ചപ്പോള്‍ നല്‍കിയില്ല; രാത്രി കൂട് തകര്‍ത്ത് ആടുകളെ മോഷ്ടിച്ച സംഘം കണ്ണൂരില്‍ പിടിയില്‍

single-img
15 February 2018

ആടിനെ വില്‍പനയ്ക്ക് ചോദിച്ചപ്പോള്‍ നല്‍കാത്ത വിരോധത്തില്‍ കൂട് തകര്‍ത്ത് ആടുകളെ മോഷ്ടിച്ചു കടത്തിയ സംഘം പിടിയില്‍. കണ്ണൂര്‍ ചെങ്ങളായി ചേരന്‍കുന്നിലായിരുന്നു സംഭവം. ചെങ്ങളായി അരിമ്പ്ര സ്വദേശികളായ സിയാദ്, കൊവുപ്രത്തെ റഷീദ്, ചേരന്‍മൂലയിലെ ഷഫീഖ് എന്നിവരെയാണ് ശ്രീകണ്ഠപുരം എസ്‌ഐ ഇ. നാരായണനും സംഘവും അറസ്റ്റ് ചെയ്തത്.

കൂട്ടുപ്രതിയായ ചെങ്ങളായിയിലെ സഹദാസിനെതിരെ കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. ചേരന്‍കുന്നിലെ തൈവളപ്പില്‍ ഇബ്രാഹിമിന്റെ നാല് ആടുകളെയാണ് സംഘം മോഷ്ടിച്ചത്. ഈ മാസം മൂന്നിന് അര്‍ധരാത്രിയിലായിരുന്നു സംഭവം. സിയാദ് ആടിനെ വാങ്ങി വില്‍പന നടത്തുന്ന ആളാണ്.

മോഷണത്തിന് ഒരാഴ്ച മുമ്പ് സിയാദും ഷഫീഖും ഇബ്രാഹിമിനോട് ആടിനെ തങ്ങള്‍ക്ക് വില്‍ക്കുന്നോ എന്നു ചോദിച്ചിരുന്നു. ആട്ടിന്‍ പാല്‍വിറ്റ് ഉപജീവനം നടത്തുന്ന ഇബ്രാഹിം ഇവര്‍ പറഞ്ഞ തുച്ഛമായ തുകയ്ക്ക് ആടിനെ നല്‍കാന്‍ തയാറായില്ല. ഇതിന്റെ വിരോധത്തില്‍ സംഘം ചേര്‍ന്ന് കൂടിന്റെ പൂട്ട് തകര്‍ത്ത് ആടുകളെ മോഷ്ടിച്ചു കടത്തുകയായിരുന്നു.

സഹദാസിന്റെ മാരുതി സ്വിഫ്റ്റ് കാറിലാണ് ആടുകളെ കൊണ്ടുപോയത്. ഇതിനിടെ ചെങ്ങളായി ടൗണില്‍ വച്ച് കാര്‍ കേടായി. കാര്‍ നന്നാക്കി പോകുന്നതിനിടെ മടമ്പത്ത് വച്ച് വീണ്ടും തകരാറിലായി. ഇതേത്തുടര്‍ന്ന് റഷീദിന്റെ ഓട്ടോറിക്ഷയില്‍ ആടുകളെ സഹദാസിന്റെ ഇരിക്കൂറിലെ ഭാര്യ വീട്ടിലെത്തിച്ചു.

ഇവിടുന്ന് രാത്രി കണ്ണൂര്‍ സിറ്റിയില്‍ കോണ്ടുപോയി വില്‍പന നടത്തുകയായിരുന്നു. ഇബ്രാഹിമിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ചെങ്ങളായിയില്‍ കഴിഞ്ഞ നാലിനു രാത്രി അസമയത്ത് കണ്ട കാറിനെക്കുറിച്ച് നാട്ടുകാര്‍ നല്‍കിയ വിവരമാണ് പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിന് പോലീസിനെ സഹായിച്ചത്.

ഇന്നലെ പുലര്‍ച്ചെ ശ്രീകണ്ഠപുരം ടൗണില്‍ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളെ തളിപ്പറമ്പ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ആടുകളെ കണ്ണൂര്‍ സിറ്റിയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.