മൂന്നാം കെട്ടിനായ് മുങ്ങിയ ഭര്‍ത്താവിനെ തേടി യുവതി ഭര്‍തൃവീട്ടിലെത്തി: വാലന്റൈന്‍സ് ദിനത്തില്‍ മഞ്ചേരിയില്‍ നാടകീയ സംഭവങ്ങള്‍

single-img
15 February 2018

മലപ്പുറത്ത് മൂന്നാം കെട്ടിനായി മുങ്ങിയ ഭര്‍ത്താവിനെ തേടി വാലന്റൈന്‍സ് ദിനത്തില്‍ യുവതി മഞ്ചേരിയില്‍ ഭര്‍തൃവീട്ടിലെത്തിയത് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചു. കളമശേരിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് കൊല്ലം കൊട്ടാരക്കര തലവൂര്‍ ഞാറക്കാട് സ്വദേശിയായ യുവതി മഞ്ചേരി ചന്തക്കുന്ന് നാലകത്ത് ഫൈസല്‍ എന്ന യുവാവിനെ കണ്ടുമുട്ടിയത്.

വീടുകളില്‍ ഗൃഹോപകരണങ്ങളും മറ്റും കൊണ്ടു നടന്ന് വില്‍ക്കുന്ന ജോലിയായിരുന്നു ഫൈസലിന്. പരിചയം പ്രണയത്തിന് വഴി മാറുകയും വിവാഹത്തില്‍ കലാശിക്കുകയും ചെയ്തു. 2007ലായിരുന്നു വിവാഹം. രണ്ടു മത വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ഇരുവരുടെയും വീട്ടുകാരുടെ സഹായമില്ലാതെയാണ് ജീവിച്ചു പോന്നത്.

രണ്ടു മാസത്തോളം എറണാകുളത്തെ വാടകമുറിയില്‍ താമസിച്ച ദമ്പതികള്‍ പിന്നീട് കോഴിക്കോട് നാദാപുരത്തേക്ക് താമസം മാറി. രണ്ടു വര്‍ഷത്തോളം ഇവിടെ താമസിച്ച ഇവര്‍ 2009ല്‍ കുറ്റ്യാടിയിലും പിന്നീട് തൊട്ടില്‍പാലത്തും കല്ലോടും തുടര്‍ന്ന് നാലു വര്‍ഷത്തോളം വാഴയില്‍ എന്ന സ്ഥലത്തെ വാടക ക്വാര്‍ട്ടേഴ്‌സിലും താമസിച്ചു.

ഇതിനിടയില്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ടായി. യുവതി ഇസ്‌ലാം മതത്തില്‍ ചേരുകയും റസ്‌ന എന്ന പേര് സ്വീകരിക്കുകയും ചെയ്തു. െഫെസല്‍ നേരത്തെ മലപ്പുറത്തു നിന്നും ഒരു വിവാഹം കഴിച്ചിരുന്നുവെന്നും ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും പിന്നീടാണ് യുവതി അറിഞ്ഞത്.

സൗന്ദര്യം പോരെന്നും സ്ത്രീധനം ലഭിച്ചില്ലെന്നും മറ്റുമുള്ള കാരണം പറഞ്ഞ് ഫൈസല്‍ മര്‍ദനം പതിവാക്കിയതോടെ യുവതിക്ക് പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കേണ്ടി വന്നു. ഇതോടെ ഫൈസല്‍ മുങ്ങി. വ്യാഴാഴ്ച ഫൈസലിന്റെ മൂന്നാമത്തെ വിവാഹം നടക്കുന്നുവെന്നറിഞ്ഞാണ് ഇന്നലെ ഇവര്‍ മഞ്ചേരിയിലെത്തിയത്.

മക്കളായ എട്ടു വയസുകാരിയും മൂന്നര വയസുകാരനും ഒപ്പമുണ്ടായിരുന്നു. ഫൈസലിന്റെ വീട്ടിലാണ് ആദ്യം എത്തിയത്. വേണമെങ്കില്‍ മക്കളെ ഇവിടെ വിട്ട് പോകാമെന്നും യുവതിക്ക് വീട്ടിലേക്ക് പ്രവേശനമില്ലെന്നുമായിരുന്നു ബന്ധുക്കളുടെ പ്രതികരണം. തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. കേസ് കോഴിക്കോട് പേരാമ്പ്ര സ്റ്റേഷന്‍ പരിധിയിലായതിനാല്‍ മഞ്ചേരി പോലീസ് കൈമലര്‍ത്തി.