കുഞ്ഞാലിമരയ്ക്കാരായി മോഹന്‍ലാലും മമ്മൂട്ടിയും എത്തും

single-img
15 February 2018

ചരിത്ര നായകനായ കുഞ്ഞാലി മരയ്ക്കാരാകാന്‍ തയ്യാറെടുത്ത് മമ്മൂട്ടിയും മോഹന്‍ലാലും. സംവിധായകരായ പ്രിയദര്‍ശനും സന്തോഷ് ശിവനും കുഞ്ഞാലിമരയ്ക്കാരുടെ ജീവിതകഥ സിനിമയാക്കാന്‍ ഒരേസമയം ശ്രമം തുടരുകയാണ്. പ്രിയദര്‍ശന്റെ സിനിമയില്‍ മോഹന്‍ലാലാണ് കുഞ്ഞാലി മരയ്ക്കാര്‍.

മമ്മൂട്ടിയാണ് സന്തോഷ് ശിവന്റെ ചിത്രത്തില്‍ നായകന്‍. രണ്ട് ചിത്രങ്ങളും ഒരുമിച്ച് തന്നെ ഷൂട്ടിങ് തുടങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗായകന്‍ എം.ജി ശ്രീകുമാര്‍ ആണ് കുഞ്ഞാലിമരയ്ക്കാര്‍ ഉടന്‍ തുടങ്ങുന്നുവെന്ന് അറിയിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും ചിത്രം പങ്കുവച്ചാണ് പ്രോജക്ട് ഉടന്‍ തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ചത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാര്‍ അഞ്ചു ഭാഷകളിലാണ് ഒരുങ്ങുന്നത്.

കുഞ്ഞാലി മരയ്ക്കാര്‍ 2 എന്നാണ് സിനിമയുടെ പേര്. മലയാളസിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാരെന്നും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുമെന്നും നിര്‍മാതാവ് സന്തോഷ് ടി. കുരുവിള വ്യക്തമാക്കിയിരുന്നു.

200 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്ന് റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം ഷാജി നടേശനും മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ ഉടനുണ്ടെന്ന് അറിയിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. കുഞ്ഞാലിമരയ്ക്കാര്‍ പ്രീപ്രൊഡക്ഷന്‍ നടക്കുകയാണെന്നും ഈ വര്‍ഷം ജൂലൈയില്‍ ഷൂട്ട് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.