വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു

single-img
15 February 2018


ഗുവഹത്തി: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ആസാമില്‍ മജുലി ദ്വീപിലാണ് അപകടം. തകര്‍ന്ന ഹെലികോപ്റ്ററിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
വിങ് കമാന്‍ഡര്‍മാരായ ജയ് പോള്‍ ജയിംസ്, ഡി. വത്സ് എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ട പൈലറ്റുമാരെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ഹെലികോപ്റ്റര്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ പൈലറ്റുമാര്‍ ശ്രമം നടത്തിയെങ്കിലും ബ്രഹ്മപുത്രയിലെ ദര്‍ബാര്‍ ഛപോരി എന്ന മണല്‍തിട്ടയില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. ജനവാസമില്ലാത്ത പ്രദേശത്താണ് അപകടമുണ്ടായത്. ഹെലികോപ്റ്ററില്‍ തീപിടിക്കുന്നത് ദൂരെ നിന്ന് കണ്ട സമീപ ഗ്രാമവാസികളാണ് ജില്ല അധികാരികളെ വിവരമറിയിച്ചത്. ബോട്ടിലൂടെയാണ് അപകട സ്ഥലത്ത് എത്തിച്ചേരാന്‍ കഴിയുക. വ്യോമസേനയിലെയും സംസ്ഥാന പോലീസിലെയും ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.