ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ഇന്ത്യന്‍ വിജയഗാഥ

single-img
14 February 2018


പോര്‍ട്ട് എലിസബത്ത്: കാത്തുകാത്തിരുന്ന ഏകദിന പരമ്പര വിജയവുമായി ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ചരിത്രമെഴുതി. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ഏകദിന പരമ്പര ജയമെന്ന സുവര്‍ണ നേട്ടം ഇന്ത്യക്ക് സ്വന്തം. സെന്‍റ് ജോര്‍ജ് പാര്‍ക്ക് വേദിയായ അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സ് ജയവുമായി 4-1 ന് മുന്നിലെത്തിയാണ് ആറ് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 275 റണ്‍സ് ലക്ഷ്യത്തിന് മറുപടിയായി ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201 റണ്‍സ് എടുത്തപ്പോഴേക്കും എല്ലാവരും പുറത്തായി.

സെഞ്ച്വറിയുമായി കസറിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ് കളിയിലെ താരം. 126 പന്തില്‍ 115 റണ്‍സാണ് രോഹിത് നേടിയത്. കുല്‍ദീപ് ജാദവിന്‍െറയും യുസ്വേന്ദ്ര ചഹലിന്‍െറയും സ്പിന്‍ജാലമാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്. അര്‍ധശതകവുമായി ഓപ്പണര്‍ ഹാഷിം അംല ഇന്നിങ്സ് പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍, 35ാം ഓവറില്‍ ഒരു റണ്ണൗട്ടിലൂടെ അംലയെ പറഞ്ഞയച്ച് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ രക്ഷകനായി. 92 പന്തില്‍ 71 റണ്‍സെടുത്ത അംല അഞ്ചാമനായാണ് തിരിച്ചുകയറിയത്. വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ കൂടി നേടി ഹാര്‍ദിക് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

അര്‍ധശതകം കടന്ന ഓപ്പണിങ് കൂട്ടുകെട്ടുമായി ഇന്ത്യയെ ആശങ്കയിലാഴ്ത്തിയ തുടക്കമായിരുന്നു ആതിഥേയരുടേത്. ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രാമും ഹാഷിം അംലയും ചേര്‍ന്ന് 10 ഓവറിന് മുമ്പ് സ്കോര്‍ 52 റണ്‍സിലെത്തിച്ചു. സുരക്ഷിതമായി നീങ്ങവേ ജസ്പ്രീത് ബുംറയുടെ പന്തില്‍ മര്‍ക്രം വീണതോടെ ഇന്ത്യ പിടിമുറുക്കി തുടങ്ങി. 32 പന്തില്‍ 32 റണ്‍സുമായാണ് മര്‍ക്രം തിരിച്ചുകയറിയത്.
പിന്നാലെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ പ്രഹരം. അപകടകാരികളായ ജീന്‍പോള്‍ ഡുമിനിയെയും(ഒന്ന്) എ.ബി ഡിവില്ലിയേഴ്സിനെയും(ആറ്) യഥാക്രമം രോഹിത് ശര്‍മയുടെയും മഹേന്ദ്ര സിങ് ധോണിയുടെയും കൈകളിലെത്തിച്ച പാണ്ഡ്യ ഇന്ത്യന്‍ ജയത്തിലേക്കുള്ള വഴിയിലെ ആദ്യ മുള്ളുകള്‍ നീക്കി.

എന്നാല്‍, അഞ്ചാമനായെത്തിയ ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച് അംല ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിനെ രക്ഷിക്കാനുള്ള ശ്രമമാരംഭിച്ചു. സ്പിന്‍ തന്ത്രമുപയോഗിച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഈ കൂട്ട് പിരിച്ചത്. 51 പന്തില്‍ 36 റണ്‍സ് നേടിയ മില്ലറെ ചഹല്‍ വീഴ്ത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഹെന്‍റിച് ക്ലാസെനുമൊത്തായി തുടര്‍ന്ന് അംലയുടെ ശ്രമങ്ങള്‍. സുരക്ഷിത തീരത്തേക്ക് ഇന്നിങ്സ് അടുക്കുന്നു എന്ന് തോന്നവേ ആണ് അംലയുടെ റണ്ണൗട്ടിന്‍െറ രൂപത്തില്‍ ദക്ഷിണാഫ്രിക്കക്ക് വലിയ തിരിച്ചടി കിട്ടിയത്. പിന്നാലെ കുല്‍ദീപ് യാദവിന്‍െറ വിക്കറ്റ് വേട്ട തുടങ്ങി. അംല പുറത്തായതിന് തൊട്ടടുത്ത ഓവറില്‍ അന്‍ഡെല്‍ ഫെഹ്ലുക്വായോയെ പൂജ്യത്തിന് കുല്‍ദീപ് പുറത്താക്കി. കഗിസോ റബാദയെ ഒരറ്റം നിര്‍ത്തി സ്കോര്‍ ഉയര്‍ത്താനായി ക്ലാസന്‍െറ ശ്രമം. റബാദയെ(മൂന്ന്) പറഞ്ഞയച്ച് കുല്‍ദീപ് ആ കൂട്ടും പൊളിച്ചു. 39 റണ്‍സെടുത്ത ക്ലാസെനെയും അതേ ഓവറില്‍ പറഞ്ഞയച്ചതോടെ ഇന്ത്യന്‍ ജയം കൈയെത്തും ദൂരത്തായി. തബ്റെയ്സ് ഷംസിയെ പൂജ്യത്തിന് വീഴ്ത്തിയതും ചേര്‍ത്ത് മൂന്ന് വിക്കറ്റുകളാണ് 42ാം ഓവറില്‍ കുല്‍ദീപ് സ്വന്തമാക്കിയത്. തൊട്ടടുത്ത ഓവറില്‍ മോണി മോര്‍ക്കല്‍(ഒന്ന്) ചഹലിന്‍െറ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ ഇന്ത്യന്‍ പട ചരിത്രവിജയത്തിന്‍െറ ആഘോഷത്തിമിര്‍പ്പിലായി.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 126 പന്തില്‍ 11 ഫോറും നാല് സിക്സും പറത്തിയാണ് രോഹിത് 115 റണ്‍സെടുത്തത്. മറ്റാര്‍ക്കും 40 റണ്‍സിലേക്ക് പോലും എത്താനായില്ല. ക്യാപ്റ്റന്‍ വിരാട് കോലി 36 റണ്‍സെടുത്ത് റണ്ണൗട്ടായി. ശിഖര്‍ ധവാന്‍(34), ശ്രേയസ് അയ്യര്‍(30) എന്നിവരാണ് മറ്റ് വലിയ സ്കോറര്‍മാര്‍. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 274 റണ്‍സെടുത്തത്.