ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് എട്ട് രൂപ: സമരം തുടരുമെന്ന് ബസുടമകള്‍

single-img
14 February 2018

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ടു രൂപയായി വര്‍ധിപ്പിച്ചു. അതേസമയം വിദ്യാര്‍ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല.

ചൊവ്വാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗം ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തിരുന്നു. ഇത് ഇന്നു ചേര്‍ന്ന് മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. കിലോമീറ്റര്‍ നിരക്കില്‍ ആറു പൈസ മുതല്‍ 15 പൈസ വരെ വര്‍ധിപ്പിക്കാനും ശിപാര്‍ശയുണ്ടായിരുന്നു.

പുതുക്കിയ നിരക്കുകള്‍ പ്രകാരം കിലോമീറ്ററിനു നിലവിലെ 64 പൈസ 70 പൈസയായി വര്‍ധിക്കും. ഓര്‍ഡിനറി, സിറ്റി, ഫാസ്റ്റ് ബസ് ചാര്‍ജ് ഏഴില്‍നിന്ന് എട്ടു രൂപയാകും. ഫാസ്റ്റ് പാസഞ്ചര്‍ നിരക്ക് പത്തില്‍നിന്ന് പതിനൊന്നും എക്‌സിക്യുട്ടീവ്, സൂപ്പര്‍ എക്‌സ്പ്രസ് നിരക്ക് 13ല്‍നിന്ന് 15 രൂപയായും ഉയരും.

സൂപ്പര്‍ ഡീലക്‌സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എസി 44 രൂപ, വോള്‍വോ 45 രൂപ എന്ന നിരക്കിലുമായിരിക്കും ഉയരുക. മിനിമം ബസ് ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ടാക്കി ഉയര്‍ത്തണമെന്നാണു ജസ്റ്റിസ് രാമചന്ദ്രന്‍ സമിതിയുടെ ശുപാര്‍ശ. മറ്റു നിരക്കുകളില്‍ 10% വരെ വര്‍ധന വരുത്തണം. എന്നാല്‍, മിനിമം നിരക്ക് 10 രൂപയാക്കണമെന്നാണു ബസ് ഉടമകളുടെ ആവശ്യം.

അതേസമയം, സര്‍ക്കാര്‍ പ്രഖ്യാപിച്ച ചാര്‍ജ് വര്‍ദ്ധന അപര്യാപ്തമാണെന്ന് ബസുടമകളുടെ സംഘടന പ്രതികരിച്ചു. നിലവിലെ വിലക്കയറ്റവും ജീവനക്കാരുടെ കൂലിയും കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധന ബസുടമകള്‍ക്ക് ഉപയോഗം ചെയ്യില്ല. അതിനാല്‍ മിനിമം ചാര്‍ജ് 10 രൂപയാക്കി വര്‍ദ്ധിക്കണം. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നും ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതികരിച്ചു.