സോഷ്യല്‍ മീഡിയയിലെ താരമായി അബുദാബിയിലെ കുഞ്ഞു പാട്ടുകാരി ആയിഷ അബ്ദുള്‍ ബാസിത്

single-img
14 February 2018

വേദികളില്‍ ഉപരി സോഷ്യല്‍ മീഡിയയിലും, യൂടൂബിലും തരംഗമായി മാറുകയാണ് ആയിഷ അബ്ദുള്‍ ബാസിത് എന്ന ഈ കൊച്ചു ഗായിക. അബുദാബി മോഡല്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ കൊച്ചു മിടുക്കി. ആയിഷക്ക് കുഞ്ഞുന്നാള്‍ മുതല്‍ സംഗീതം മുതല്‍ കൂട്ടാക്കിയത് ഗായികയായ തന്റെ ഉമ്മയുടെ താരാട്ടു പാട്ടുകള്‍ തന്നെയാണ്.

രണ്ടാളും കൂടിയുള്ള പാട്ട് ഇപ്പോഴും ഒരു കോമ്പിനേഷനായി തന്നെ തുടരുകയാണ്. അങ്ങനെ ഒരു സോങ്ങും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നാമതായി തന്നെ ഉണ്ട്. ഉര്‍ദു, ഹിന്ദി, അറബിക്, ഇംഗ്ലീഷ്, കന്നഡ തുടങ്ങി പത്തില്‍ പരം ഭാഷകള്‍, ഗസല്‍, ക്ലാസ്സിക്കല്‍, ഹിന്ദുസ്ഥാനി അങ്ങനെ സംഗീതത്തിന്റെ എല്ലാ മേഖലയും ആയിഷ അനായാസം കൈകാര്യം ചെയ്യും.

ഓണ്‍ലൈനിലൂടെ പാട്ടുകള്‍ ലോകത്തിലേക്ക് എത്തിക്കുന്ന ആയിഷയ്ക്കു ഇംഗ്ലണ്ടിലെ (UK) അല്‍ മുബാറക് റേഡിയോയില്‍ വരെ അവസരം ലഭിച്ചു. മാഹി സ്വദേശികളായ അബ്ദുള്‍ ബാസിത്, തസ്‌നിം ദമ്പതികളുടെ മൂന്ന് കുട്ടികളില്‍ ഒന്നാമത്തെ കുട്ടിയാണ് ആയിഷ.

ഗിത്താര്‍, ഹാര്‍മോണിയം, വയലില്‍ തുടങ്ങിയ സംഗീത ഉപകരങ്ങളും ആയിഷ അനായാസം കൈകാര്യം ചെയ്യും. കഴിഞ്ഞ നാല് വര്‍ഷമായി ഹിന്ദുസ്ഥാനി സംഗീതം കല്‍ക്കത്ത സ്വദേശി സാന്‍ജോയ് മാഷിന്റെ കീഴില്‍ അഭ്യസിക്കുകയാണ് ഈ മിടുക്കി. മറ്റൊരു അധ്യാപിക സ്വന്തം ഉമ്മ തന്നെ.

സ്‌കൂള്‍ കലോത്സവങ്ങളിലും, യു.എ.ഇ യിലെ കലാ വേദികളിലും തിളങ്ങുകയാണ് ആയിഷ. പഠനത്തിലും ഒന്നാമതായ ആയിഷക്കൊപ്പം സ്‌കൂള്‍ ടീച്ചേഴ്‌സും, രക്ഷകര്‍ത്താക്കളും പരിപൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്. യൂടൂബില്‍ ഇതിനോടകം നൂറിലധികം പാട്ടുകള്‍ ഈ മിടുക്കി പാടി അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.

പാട്ടിന്റെ ചിത്രീകരണവും, എഡിറ്റിംഗും എല്ലാം വാപ്പ അബ്ദുള്‍ ബാസിത് സ്വന്തമായി തന്നെ. അബുദാബി ഗവണ്‍മെന്റിന്റെ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ അബ്ദുള്‍ ബാസിത് ജോലി തിരക്കിനിടയില്‍ സമയം കണ്ടെത്തിയാണ് ചിത്രീകരണവും, എഡിറ്റിംഗും, അപ്ലോഡിങ്ങുമെല്ലാം. ഇതിനായി വീട്ടില്‍ സ്റ്റുഡിയോ സജ്ജീകരിച്ചിട്ടുമുണ്ട്.