ഉലകനായകന്‍ അഭിനയം നിര്‍ത്തുന്നു

single-img
14 February 2018

ചെന്നൈ: രാഷ്ട്രീയത്തിന്‍െറ നേട്ടം ഇന്ത്യന്‍ ചലിത്ര ലോകത്തിനുള്ള നഷ്ടമാകുന്നു. ഉലകനായകന്‍ കമല്‍ ഹാസന്‍ അഭിനയം നിര്‍ത്തുന്നു. രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചാല്‍ പിന്നെ അഭിനയിക്കില്ല എന്ന് കമല്‍ വ്യക്തമാക്കി. യു.എസില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഹിന്ദു തീവ്രവാദം ഇന്ത്യക്ക് ഭീഷണിയാണെന്നും കമല്‍ പറഞ്ഞു.

‘‘അടുത്തതായി രണ്ട് സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. അതിന് ശേഷം സിനിമയില്ല. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് പണം ലക്ഷ്യമിട്ടല്ല. സിനിമയില്‍ നിന്ന് പണം ധാരാളം സമ്പാദിച്ചിട്ടുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ മാത്രം ജീവിച്ച് മരിക്കരുതെന്ന നിര്‍ബന്ധത്തിലാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവക്കുന്നത്. ജനങ്ങള്‍ക്ക് സേവനം ചെയ്ത് മരിക്കണമെന്ന പ്രതിജ്ഞ ഞാന്‍ എടുത്തിട്ടുണ്ട്.’’-കമല്‍ പറഞ്ഞു.

37 വര്‍ഷമായി സാമൂഹ്യ സേവനം ചെയ്യുന്ന തനിക്കൊപ്പം 10 ലക്ഷത്തോളം വിശ്വസ്തരായ അണികളുണ്ടെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു. തന്‍െറ ആവശ്യപ്രകാരം അണികള്‍ കൂടുതല്‍ യുവാക്കളെ കൂടെക്കൂട്ടിയിട്ടുണ്ടെന്നും അവരെല്ലാം പാര്‍ട്ടിയുടെ സന്നദ്ധസേവകരാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം അവസാനമാണ് പാര്‍ട്ടി രൂപീകരിച്ച് കമല്‍ രാഷ്ട്രീയപ്രവേശനം നടത്തുന്നത്. ഇതിന്‍െറ ഭാഗമായി തമിഴ്നാട്ടില്‍ പര്യടനവും നടത്തും.