ആയുധം വാങ്ങാന്‍ സൈന്യത്തിന് 15,935 കോടി

single-img
13 February 2018


ന്യൂഡല്‍ഹി: സൈനിക ക്യാമ്പുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഭീകരാക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ സൈന്യത്തിന് 15,935 കോടി രൂപയുടെ പുതിയ ആയുധങ്ങള്‍. പ്രതിരോധ മന്ത്രാലയം ഇതിന് അനുമതി നല്‍കി. 7.4 ലക്ഷം റൈഫിളുകളും 16,500 ലൈറ്റ് മെഷീന്‍ ഗണ്ണുകളുമാണ് പുതിയതായി വാങ്ങുന്നത്.

പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗമാണ് ഇത്സംബന്ധിച്ച് തീരുമാനമെടുത്തത്. ഇനി ആയുധങ്ങള്‍ വാങ്ങാനുള്ള കരാറിനായി ടെണ്ടര്‍ ക്ഷണിക്കും. ട്രയല്‍സ് ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവര്‍ത്തനവും നടക്കാന്‍ വര്‍ഷങ്ങളെടുക്കും. അതിന്ശേഷമായിരിക്കും കരാര്‍ ഒപ്പിടുന്നതും ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നതും. എന്നാല്‍, ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ പെട്ടെന്ന് തന്നെ വാങ്ങാനുള്ള പ്രക്രിയയാണ് സ്വീകരിച്ചിരിക്കുന്നത്. 16,500 എണ്ണമുള്ള ഈ ഗണ്ണുകള്‍ക്കായി 1,819 കോടി രൂപയാണ് ചെലവ് വരുന്നത്.

കര-വ്യോമ-നാവിക സേനകള്‍ക്കായി ആകെ 43,732 പുതിയ ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ നിലവില്‍ ആവശ്യമാണ്. പുതിയതായി വാങ്ങുന്ന 16,500 എണ്ണം പാകിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്ന സൈനിക ട്രൂപ്പുകള്‍ക്കാകും നല്‍കുക.