സമയം കുറവാണ്, വാചകമടി നിര്‍ത്തി എന്തെങ്കിലുമൊക്കെ ചെയ്യൂ: മോദിയോട് രാഹുല്‍

single-img
12 February 2018


പ്രസംഗങ്ങള്‍ നടത്തി സമയം പാഴാക്കാതെ പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാരിന്റെ കാലാവധി തീരാന്‍ അധിക കാലമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മോദിക്കുള്ള രാഹുലിന്റെ ഉപദേശം. രാജ്യത്തിനായി എന്തു ചെയ്‌തെന്ന് അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ജനത്തോടു പറയേണ്ടിവരും.

അഞ്ചു വര്‍ഷം പൂര്‍ത്തിയാകാറായിട്ടും രാജ്യത്തിനായി ഇപ്പോഴും ഒന്നും ചെയ്യാന്‍ നിങ്ങള്‍ക്കായിട്ടില്ല- രാഹുല്‍ ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കുന്ന കര്‍ണാടകയില്‍ നടത്തിയ പര്യടനത്തിനിടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

അഞ്ചുവര്‍ഷമായിട്ടും അക്കൗണ്ട് തുറക്കാത്ത സര്‍ക്കാരാണ് മോദിയുടേതെന്നും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, കള്ളപ്പണം തടയുന്നതിലും ബി ജെ പി പരാജയപ്പെട്ടെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസിനെക്കുറിച്ച് സംസാരിക്കാനല്ല, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും കര്‍ഷകരെ സഹായിക്കാനും രാജ്യത്ത് സ്‌കൂളുകളും ആശുപത്രികളും സ്ഥാപിക്കാനുമാണ് രാജ്യം മോദിയെ പ്രധാനമന്ത്രിയാക്കിയതെന്ന് രാഹുല്‍ ഓര്‍മിപ്പിച്ചു.

വാചകമടി നിര്‍ത്തി പ്രവര്‍ത്തിച്ചു തുടങ്ങാനും രാഹുല്‍ മോദിയോട് ആവശ്യപ്പെട്ടു. മോദി സര്‍ക്കാരിന് ഇനി അധികകാലം അവശേഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ മുന്നോട്ട് നയിക്കാനാണ് കോണ്‍ഗ്രസ് എക്കാലവും ശ്രമിച്ചിട്ടുള്ളത്.

എന്നാല്‍ റിയര്‍ വ്യൂ മിററില്‍ നോക്കി ഭരണം നടത്താനാണ് മോദി ശ്രമിക്കുന്നത്. അതിനാലാണ് അദ്ദേഹത്തിന്റെ വാഹനം അപകടത്തില്‍ പെടുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മുന്‍കാലങ്ങള്‍ മാത്രം ചിന്തിച്ച് നോട്ടുനിരോധനം പോലുള്ള മണ്ടത്തരം നടപ്പാക്കിയതിലൂടെ രാജ്യത്തിന് കോടികളാണ് നഷ്ടമായത്.

ബിസിനസുകാര്‍ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പ എഴുതിത്തള്ളുന്ന മോദി, കാര്‍ഷിക വായ്പയുടെ കാര്യത്തില്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ പറയത്തക്ക അഴിമതി ഒന്നുമില്ലെന്നും, കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലേറ്റി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു.