ബി.ജെ.പിയ്‌ക്കെതിരെ ക്രൈസ്തവ സഭ തുറന്ന പോരിന്: തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ഇടയലേഖനം

single-img
12 February 2018

നാഗാലാന്റ് നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കാനിരിക്കെ ബി.ജെ.പിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് സംസ്ഥാനത്തെ ക്രൈസ്തവ സഭകള്‍ രംഗത്തെത്തി. ക്രിസ്ത്യന്‍ തത്വവും വിശ്വാസവും ക്രിസ്തുവിന്റെ ഹൃദയത്തില്‍ കുത്താന്‍ ആഹ്വാനം ചെയ്തവരുടെ കൈകളില്‍ അടിയറവയ്ക്കരുത് എന്നു പറഞ്ഞാണ് സഭ രംഗത്തുവന്നത്.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഉള്‍പ്പെട്ട നാഗാലന്റ് നിവാസികള്‍ക്ക് എഴുതിയ തുറന്ന കത്തിലൂടെ നാഗാലന്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചസ് കൗണ്‍സിലാണ് ബി.ജെ.പിയ്‌ക്കെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്നും ഇടയലേഖനത്തില്‍ പറയുന്നു.

ക്രിസ്ത്യന്‍ ഭൂരിപക്ഷമായ നാഗലാന്റിലും മേഘാലയിലും ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടത് ബി.ജെ.പിയുടെ പിന്തുണയോടെ ഭരിക്കുന്ന സര്‍ക്കാരിന്റെ കാലത്തായിരുന്നെന്ന് ഇടയ ലേഖനത്തില്‍ പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്ത് ആര്‍.എസ്.എസ് ശക്തവും ആതിന്റെ പ്രവര്‍ത്തനങ്ങള്‍ അക്രമാസക്തവുമാണെന്ന് എന്‍.ബി.സി.സിയുടെ ജനറല്‍ സെക്രട്ടറി റെവ. സെലോ കെയോ പറഞ്ഞു.

2015 -17 കാലയളവിലാണ് ക്രൈസ്തവര്‍ക്ക് ഏറ്റവുമധികം പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. സമീപ കാലങ്ങളില്‍ പീഡനങ്ങള്‍ മൂന്നിരട്ടിയായി എന്നത് എല്ലാവര്‍ക്കും നന്നായി അറിയാം. പാസ്റ്റര്‍മാരും സുവിശേഷകരും മിഷനറിമാരും തെരുവുകളില്‍ പരസ്യമായി വലിച്ചിഴയ്ക്കപ്പെടുകയും ഉപദ്രവങ്ങളും അപമാനവും ഏല്‍ക്കേണ്ടിയും വന്നു.

വൈദികരുടെ ഭവനങ്ങള്‍ തകര്‍ക്കുകയും സ്‌കൂളുകളില്‍ അവരുടെ കുട്ടികള്‍ക്ക് വിവേചനം നേരിടേണ്ടിയും വന്നു. ആരാധനാലയങ്ങള്‍ അഗ്‌നിക്കിരയാക്കുകയും വിശ്വാസികള്‍ പലപ്പോഴും അസ്വസ്ഥരാക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തത് ഈ കാലയളവിലാണ് ലേഖനത്തില്‍ പറയുന്നു.

ബിജെപി നമ്മുടെ മാതൃരാജ്യത്ത് നിന്ന് ക്രിസ്ത്യന്‍ സമൂഹത്തെ ഇല്ലായ്മ ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നു. ബീഫ് നിരോധനം, ന്യൂനപക്ഷങ്ങള്‍ക്കതിരെയുള്ള ആക്രമണം ഇവയെല്ലാം ബാപ്റ്റിസ്റ്റ് ചര്‍ച്ചസ് കൗണ്‍സിലിന്റെ തുറന്ന കത്തില്‍ പരമാര്‍ശിക്കുന്നുണ്ട്.

ഇത്തവണ ബി.ജെ.പി വലിയ ശക്തിയാണ്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ സഭയുടെ രാഷ്ട്രീയ നിലപാട് ശക്തമായി അറിയിക്കേണ്ടി വന്നിരിക്കുന്നത്. എന്ത് വില കൊടുത്തും ബി.ജെ.പിയെയും അവരെ പിന്തുണക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും പരാജയെപ്പെടുത്തണം. ഇത് നാഗാലാന്റിന് വേണ്ടി മാത്രമല്ല രാജ്യം മുഴുവനുള്ള ക്രൈസ്തവരുടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ഇടയലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.