പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു

single-img
12 February 2018


മൂന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞു. ബൈസണ്‍വാലിയില്‍ ചൊക്കര്‍മുടി ആദിവാസി സെറ്റില്‍മെന്‍റിലാണ് സംഭവം. 15 വയസ്സുകാരിയുടെ വിവാഹം നടത്താനുള്ള ശ്രമമാണ് നടന്നത്. കുട്ടിയുടെ ബന്ധു കൂടിയായ വട്ടവട സ്വാമിയാര്‍ അള കുടി സ്വദേശിയുമായായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

ചടങ്ങുകളുടെ ഭാഗമായി കഴിഞ്ഞദിവസം പെണ്‍കുട്ടിയെ യുവാവിന്‍െറ വീട്ടിലെത്തിച്ചിരുന്നു. അടുത്ത ദിവസം വിവാഹം നടക്കാനിരിക്കെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇടപെടല്‍ നടത്തി. പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തുകയും ഊരുകാണിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാതെ വിവാഹം നടത്തില്ല എന്ന് യുവാവില്‍ നിന്ന് എഴുതി വാങ്ങി. പെണ്‍കുട്ടിയുടെ മാതാപിതാക്കളും ചൈല്‍ഡ് ലൈന്‍ ഓഫിസിലെത്തി 18 വയസ് തികഞ്ഞേ മകളുടെ വിവാഹം നടത്തു എന്ന് എഴുതി നല്‍കി.