ബീവറേജ് ഷോപ്പ് മാറ്റിയത് അറിഞ്ഞില്ല: കഴക്കൂട്ടത്ത് പെയിന്റ് കടയില്‍ ചെന്ന് ‘പൈന്റ്’ ചോദിച്ച മദ്യപന്‍ പോലീസ് പിടിയില്‍

single-img
11 February 2018

ചായക്കടയാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയവനെ കുറിച്ച് പറഞ്ഞ് നടന്‍ ശ്രീനിവാസന്‍ നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് പെയിന്റ് കടയില്‍ ചെന്ന് പൈന്റ് ചോദിച്ച മദ്യപനാണ് ഇവിടെ താരം. കഴക്കൂട്ടം പോലീസ് സ്‌റ്റേഷനു സമീപം പുതുതായി ആരംഭിച്ച പെയിന്റ് കടയില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

നേരത്തെ ഇവിടെ ബീവറേജ് ഷോപ്പാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് അടുത്തിടെ കുളത്തൂരിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രാജസ്ഥാനില്‍ താമസമാക്കിയ മദ്യപന്‍ ഈ വിവരം അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇയാള്‍ കടയുടെ രൂപമാറ്റമൊന്നും ശ്രദ്ധിക്കാതെ പൈന്റ് ആശ്യപ്പെടുകയായിരുന്നു.

എന്നാല്‍ കടയുടമ ഇത് മദ്യഷോപ്പല്ലെന്ന് മദ്യപനോട് പറഞ്ഞെങ്കിലും അദ്ദേഹം അത് കാര്യമാക്കാതെ കടയുടമയോട് തട്ടിക്കയറി. ഒടുവില്‍ കാര്യങ്ങള്‍ ഉന്തും തള്ളും വരെയെത്തി. ഇതോടെ സമീപത്തുണ്ടായിരുന്ന ആളുകള്‍ ഓടിക്കൂടി പോലീസിനെ വിവരം അറിയിച്ചു.

സ്ഥലത്തെത്തിയ പോലീസ് ഇയാളെ പൊക്കിയെടുത്ത് സ്റ്റേഷനിലെത്തിച്ചു. പിന്നീട് ബോധം വന്ന ശേഷം പെറ്റി അടിപ്പിച്ചാണ് പോലീസ് ഇയാളെ വിട്ടയച്ചത്.