മമത ബാനര്‍ജി ‘ലേഡി ഗാന്ധി’ എന്ന് ഹാര്‍ദിക് പട്ടേല്‍

single-img
11 February 2018


കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പാട്ടിദാര്‍ സമരനേതാവ് ഹാര്‍ദിക് പട്ടേലിന്‍െറ പ്രശംസ. “ലേഡി ഗാന്ധി”യെ കണ്ടു എന്നാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കവേ ഹാര്‍ദിക് പറഞ്ഞത്. ഒരു സംസ്ഥാനത്തിന്‍െറ മുഖ്യമന്ത്രി ആയിരുന്നിട്ടും ലളിതമായ ജീവിതമാണ് മമത ബാനര്‍ജി നയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഗുജറാത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ മമത ക്ഷണിച്ചെന്ന് ഹാര്‍ദിക് വെളിപ്പെടുത്തി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രചരണത്തിനെത്തുമെന്നും വ്യക്തമാക്കി.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനമുതിര്‍ക്കാനും ഹാര്‍ദിക് പട്ടേല്‍ മറന്നില്ല. 2019 ലെ തെരഞ്ഞെടുപ്പിലും മോഡി അധികാരത്തില്‍ വന്നാല്‍ രാഷ്ട്രപതി ഭരണത്തിലേക്കായിരിക്കും രാജ്യം പോകുക എന്ന് ഹാര്‍ദിക് കുറ്റപ്പെടുത്തി. ‘‘രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ എല്ലാ പാര്‍ട്ടികളും ഒന്നിക്കണം.’’ യഥാര്‍ഥ പ്രശ്നങ്ങളെക്കുറിച്ച് പറയാതെ പ്രതിപക്ഷത്തെ ആക്രമിച്ച മോഡിയുടെ വാക്കുകളെയും ഹാര്‍ദിക് വിമര്‍ശിച്ചു.