കാത്തിരിക്കു, ആര്‍.ബി.ഐ ആ നോട്ടുകള്‍ എണ്ണുകയാണ്

single-img
11 February 2018


ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ കഴിഞ്ഞ് 15 മാസങ്ങളായി. ആ നടപടിയുടെ ക്ഷീണത്തില്‍ നിന്ന് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ഇതുവരെ കരകയറിയിട്ടില്ല. പുതിയ റിപ്പോര്‍ട്ട് പ്രകാരം റിസര്‍വ് ബാങ്കും ‘കരകയറാതെ’ ആ നോട്ടുകളില്‍ മുങ്ങിത്തപ്പുകയാണ്. തിരിച്ചെത്തിയ പഴയ 500, 1000 രൂപ നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തി കഴിഞ്ഞില്ല എന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. ജനങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച നോട്ടുകളുടെ മൂല്യം തിട്ടപ്പെടുത്തുന്നതും വ്യാജമാണോ എന്ന് തിരിച്ചറിയുന്നതുമാണ് ഈ എണ്ണമെടുക്കലിലൂടെ നടക്കുന്നത്.

വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയിലെ മാധ്യമപ്രവര്‍ത്തകന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് മറുപടിയായാണ് ഇക്കാര്യം ആര്‍.ബി.ഐ അറിയിച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ നോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. എന്നാല്‍, ഇത് എന്ന് അവസാനിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല. 2017 ജൂണ്‍ 30 അടിസ്ഥാനമാക്കി, 15.28 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് തിരികെ ലഭിച്ചത്. കൂടുതല്‍ സൂക്ഷ്മമായ കണക്കെടുപ്പില്‍ ഇതിന് മാറ്റം വരുമെന്ന മുന്നറിയിപ്പോടെയാണ് ഈ മറുപടി നല്‍കിയിരിക്കുന്നത്. 59 നോട്ടെണ്ണല്‍ യന്ത്രങ്ങളാണ് നിലവില്‍ ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍, എവിടെയാണ് നോട്ടെണ്ണല്‍ പ്രക്രിയ നടക്കുന്നത് എന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല. 2016 നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകള്‍ കേന്ദ്രം അസാധുവാക്കിയത്.