റാഫേല്‍ യുദ്ധവിമാനക്കരാര്‍: മോദിസര്‍ക്കാരിന്റെ വാദം പൊളിഞ്ഞു

single-img
10 February 2018

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനക്കരാര്‍ സംബന്ധിച്ച വാദപ്രതിവാദത്തിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് രേഖാമൂലം മറുപടി നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച രാഹുല്‍ യുദ്ധവിമാനം വാങ്ങുന്നത് എത്ര തുകയ്ക്കാണെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, രാഹുലിന് മറുപടിയുമായി രംഗത്തെത്തിയത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ്. റാഫേല്‍ യുദ്ധവിമാന കരാറിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് രാജ്യസുരക്ഷയ്ക്ക് വില കല്‍പ്പിക്കുന്നില്ലെന്ന് ജെയ്റ്റ്‌ലി ആരോപിച്ചു. രാജ്യസുരക്ഷയുടെ പാഠങ്ങള്‍ മുന്‍ പ്രതിരോധനമന്ത്രി പ്രണബ് മുഖര്‍ജിയില്‍നിന്നും രാഹുല്‍ പഠിക്കണമെന്നും ഉപദേശിച്ചു.

ഇതിനെതിരെയാണ് ട്വിറ്ററിലൂടെ രാഹുല്‍ മറുപടി നല്‍കിയത്. ധനമന്ത്രി പറയുന്നത് നുണയാണെന്ന് തെളിയിക്കാന്‍ യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടികള്‍ പോസ്റ്റുചെയ്യുകയാണെന്ന് രാഹുല്‍ വ്യക്തമാക്കി. യു.പി.എ ഭരണകാലത്ത് പൂര്‍ണമായും സുതാര്യമായാണ് പ്രതിരോധ ഇടപാടുകള്‍ നടന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

റാഫേല്‍ യുദ്ധവിമാനത്തിന്റെ വില എത്രയെന്ന് വെളിപ്പെടുത്താന്‍ ഇനിയെങ്കിലും പ്രതിരോധമന്ത്രി തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രണ്ടാം യുപിഎ സര്‍ക്കാര്‍ (2009-14) 12 തവണയെങ്കിലും പ്രതിരോധ ഇടപാടുകളുടെ ചെലവ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ടെന്നു പാര്‍ലമെന്റിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും രേഖകള്‍ വെളിപ്പെടുത്തുന്നു.

രണ്ടാം യുപിഎയുടെ കാലത്ത് അംഗങ്ങള്‍ ഉന്നയിച്ച ചില ചോദ്യങ്ങളും സര്‍ക്കാര്‍ നല്‍കിയ ഉത്തരങ്ങളും

. 2012 ഏപ്രില്‍ 30: യുദ്ധവിമാനങ്ങളുടെ പരിഷ്‌കരണം (രമേശ് ബയ്‌സ്)

ഉത്തരം: (പ്രതിരോധ മന്ത്രി എ.കെ. ആന്റണി): മിഗ്–21, മിഗ്–27, മിഗ്–29, മിറാഷ് 2000, ജഗ്വാര്‍ യുദ്ധവിമാനങ്ങളുടെ പരിഷ്‌കരണമാണു നടപ്പാക്കുന്നത്. മിഗ്–29 പരിഷ്‌കരിക്കുന്നതിന് ആര്‍എസിയുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാര്‍ 96.4 കോടി ഡോളറിന്റേതാണ്.

മിറാഷ് 2000 പരിഷ്‌കരിക്കുന്നതിനു തെയ്ല്‍സ്, ഡസോള്‍ട്ട് ഏവിയേഷന്‍, ഫ്രാന്‍സ് എന്നിവയുമായി 147 കോടി യൂറോയുടേതാണു കരാര്‍. ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്എഎല്‍) 2020 കോടി രൂപയുടെ കരാറുമുണ്ട്. ജഗ്വാര്‍ പരിഷ്‌കരണവും 3113.02 കോടി രൂപയ്ക്ക് എച്ച്എഎല്ലിനെയാണ് ഏല്‍പിച്ചിരിക്കുന്നത്.

. 2010 ഡിസംബര്‍ 12: ചോദ്യം യുഎസില്‍നിന്നു ഹെര്‍കുലീസ് വിമാനങ്ങള്‍ (ബുധേവ് ചൗധരി)

ഉത്തരം: ആറു സി–130 ജെ–30 (ഹെര്‍കുലീസ്) വിമാനങ്ങള്‍ (അനുബന്ധ ഉപകരണങ്ങള്‍, പരിശീലനം, ഘടകങ്ങള്‍ എന്നിവയടക്കം) 3835.38 കോടി രൂപയ്ക്കു വാങ്ങാന്‍ തീരുമാനമായി. വ്യോമസേനയുടെ പ്രത്യേക ദൗത്യങ്ങള്‍ക്കാണ് വിമാനങ്ങള്‍ ഉപയോഗിക്കുക.

. 2010 ഓഗസ്റ്റ് 09: സുഖോയ് വിമാനം വാങ്ങുന്നതിനെക്കുറിച്ച് (അസദുദീന്‍ ഒവൈസി)

ഉത്തരം: 42 സുഖോയ്–30 എംകെഐ വിമാനങ്ങള്‍ എച്ച്എഎല്ലില്‍നിന്നു വാങ്ങുന്നതിനു ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. ചെലവ് 20,107.40 കോടി രൂപ. നിര്‍ദേശം മന്ത്രിസഭയുടെ സുരക്ഷാസമിതിയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കാനൊരുങ്ങുന്നു.

. 2010 ഏപ്രില്‍ 19: റഷ്യയില്‍നിന്നു നാവികസേനാ വിമാനം (സുപ്രിയ സുലെ)

ഉത്തരം: നാവികസേനയ്ക്കു വേണ്ടി മിഗ്–29 കെ/കെയുബി വിമാനം വാങ്ങാന്‍ കരാറായി. ചെലവ് 146.64 കോടി രൂപ. അത്യാധുനിക ഏവിയോണിക്‌സും സെന്‍സറുകളുമുള്ള വിമാനമാണിത്.

. 2012 മാര്‍ച്ച് 26: റഷ്യന്‍ ഹെലികോപ്ടര്‍ (ജാധവ് ബല്‍റാം സുകുര്‍)

ഉത്തരം: റഷ്യയില്‍നിന്ന് 80 എംഐ–17 വി–5 ഹെലികോപ്ടറുകള്‍ വ്യോമസേനയ്ക്കു വേണ്ടി വാങ്ങാന്‍ കരാറായി. 1.345 ബില്യണ്‍ ഡോളറാണു വില.

. 2010 മാര്‍ച്ച് 15: അഡ്മിറല്‍ ഗോര്‍ഷ്‌കോവ്! വിമാനവാഹിനി (മനീഷ് തിവാരി, നവീന്‍ ജിന്‍ഡല്‍)

ഉത്തരം: അഡ്മിറല്‍ ഗോര്‍ഷ്‌കോവ്! വിമാനവാഹിനി വാങ്ങുന്നതുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണി, പുനരായുധീകരണം, ലോജിസ്റ്റിക്‌സ്, അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവയ്ക്കായി റഷ്യയുമായി കരാറും അനുബന്ധ ധാരണകളുമായി. 2004ലെ വില 97.4 കോടി ഡോളര്‍. കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വേണ്ടി വന്നതുകൊണ്ട് പിന്നീടു കരാര്‍ തുക 233 കോടി ഡോളറായി പരിഷ്‌കരിച്ചു. അധിക പരിഷ്‌കാരങ്ങളും പരീക്ഷണങ്ങളും വേണ്ടിവന്നതു കൊണ്ടാണ് വില കൂടിയത്.