ചെന്നൈയില്‍ വഴിയോര ഭക്ഷണ ശാലകളില്‍ വിളമ്പുന്നത് ‘പൂച്ച ബിരിയാണി’

single-img
10 February 2018

ചെന്നൈ: തമിഴ്‌നാട്ടിലെ ചില വഴിയോര ഭക്ഷണ ശാലകളില്‍ മാംസത്തിനായി ഉപയോഗിക്കാന്‍ കടത്തിയ പൂച്ചകളെ രക്ഷപ്പെടുത്തി. മട്ടന്‍ ബിരിയാണിയില്‍ പകരം ചേര്‍ക്കാനാണ് പൂച്ചയിറച്ചിയെന്നാണ് വിവരം. തമിഴ്‌നാട്ടിലെ തിരുമുല്ലെയ്‌വയലില്‍ റോഡ് വക്കിലുള്ള ഭക്ഷണശാലയില്‍ നിന്നുമാണ് പന്ത്രണ്ടോളം പൂച്ചകളെ കണ്ടെത്തിയത്.

പൂച്ചകളെ കാണാതെ പോകുന്നു എന്ന ജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂച്ചമാസം വാങ്ങാനെന്ന വിധം പൊലീസ് കടക്കാരെ സമീപിക്കുകയായിരുന്നു. ഇതില്‍ നിന്നും അവര്‍ എല്ലാവര്‍ക്കും മാംസം വില്‍ക്കുന്നില്ലെന്ന് വിവരം ലഭിച്ചു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ തിരുമുല്ലെയ്‌വയലില്‍ നിന്നും നിരവധി പൂച്ചകളുമായി നരിക്കുറവന്‍മാര്‍ പൊലീസ് പിടിയിലായി. പൂച്ചകളെ ഭക്ഷണമാക്കുന്ന ഗോത്രവിഭാഗമാണ് നായാടി വിഭാഗത്തില്‍ പെട്ട നരിക്കുറവന്‍മാര്‍. ഇവരുടെ ചാക്കുകെട്ടുകളില്‍ നിരവധി പൂച്ചകളാണ് ഉണ്ടായിരുന്നത്.

ചാക്കില്‍ നിന്ന് ചത്ത പൂച്ചകളെയും കണ്ടെത്തി. ഇതിനു മുന്‍പും ചെന്നൈയില്‍ നിന്ന് ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടുകളില്‍ നിന്നും മോഷ്ടിക്കുന്ന പൂച്ചകളാണ് അടുത്ത ദിവസം തെരുവിലെ ബിരിയാണിയായി മാറുന്നത്. സത്യമറിയാതെ തെരുവോരത്തു നിന്നും ബിരിയാണി കഴിയ്ക്കുന്നത് നൂറുക്കണക്കിന് ആളുകളാണ്.