കായല്‍ കൈയേറ്റ കേസ്: തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു

single-img
9 February 2018

കായല്‍ കൈയേറ്റ കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റിവെച്ചു. ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന തോമസ് ചാണ്ടിയുടെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണിത്.

അഭിഭാഷകന് വൈറല്‍ പനി ആയതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നായിരുന്നു തോമസ് ചാണ്ടി ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജി പരിഗണിക്കുന്ന തീയതി സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ല. ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, എല്‍ നാഗേശ്വരറാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.

തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്ന നാലാമത്തെ ബെഞ്ചാണിത്. കായല്‍ കൈയേറ്റക്കേസിലെ തനിക്കെതിരായ ഹൈക്കോടതി വിധിയും ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

നേരത്തെ മൂന്ന് ബെഞ്ചിന് മുന്നില്‍ ഈ ഹര്‍ജി വന്നിരുന്നു. എന്നാല്‍ ഓരോ തവണയും ഓരോ ജഡ്ജിമാര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കാന്‍ സാധിച്ചിരുന്നില്ല. എഎം ഖാന്‍വില്‍ക്കര്‍, എഎം സാപ്രെ, കുര്യന്‍ ജോസഫ് എന്നീ ജഡ്ജിമാരാണ് തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും നേരത്തെ പിന്മാറിയത്.