ജസ്റ്റിസ് ലോയയുടെ മരണം: പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു

single-img
9 February 2018


ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടു. കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 114 എം.പിമാരാണ് രാഷ്ട്രപതിക്ക് മുന്നില്‍ എത്തിയത്. ‘‘15 പാര്‍ട്ടികളില്‍ നിന്നുള്ള 114 എം.പിമാര്‍ മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ചു. രാഷ്ട്രപതി പോസിറ്റീവ് പ്രതികരണമാണ് നല്‍കിയത്. ലോയയുടെ മരണത്തെക്കുറിച്ച് ലോകസഭയിലെയും രാജ്യസഭയിലെയും പല എം.പിമാര്‍ക്കും അസ്വാഭാവികത അനുഭവപ്പെട്ടിട്ടുണ്ട്. സംഭവം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് തന്നെയാണ് അവരും കരുതുന്നത്. രാജ്യത്തെ ജനങ്ങളും ഇത് ആഗ്രഹിക്കുന്നു.’’ -രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, അന്വേഷണ സംഘത്തില്‍ സി.ബി.ഐയിലെയോ എന്‍.ഐ.എയിലെയോ ഉദ്യോഗസ്ഥര്‍ ഉണ്ടാകരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ശരിയായ അന്വേഷണം നടന്നില്ലെങ്കിൽ പാര്‍ട്ടി രാജ്യത്തെ ഓരോ ഗ്രാമത്തിലും പോകുമെന്നും വ്യക്തമാക്കിയിരുന്നു.

2014 ഡിസംബര്‍ ഒന്നിനാണ് നാഗ്പൂരില്‍ ഹൃദയാഘാതം കാരണം ജസ്റ്റിസ് ലോയ മരിച്ചത്. അമിത് ഷാ പ്രതിയായ സൊഹ്റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് വാദം കേട്ടിരുന്നത് ലോയയുടെ ബഞ്ചായിരുന്നു.