ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

single-img
9 February 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസുകള്‍ പണിമുടക്കും. നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ടാണ് ബസ് ഉടമകളുടെ സംയുക്തസമരസമിതി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. 2014ന് ശേഷം ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ അടിയന്തരമായി നിരക്ക് വര്‍ധിപ്പിക്കണമെന്നും ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.

വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജില്‍ 50 ശതമാനം വര്‍ധന ഏര്‍പ്പെടുത്തണമെന്നും മിനിമം ബസ് ചാര്‍ജ് 10 രൂപയായി വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിരക്ക് അനുവദിക്കാനാവില്ലെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി.

മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ കഴിഞ്ഞ മാസം അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനുശേഷം ബസുടമകളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.