മാലിദ്വീപിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥ;ഇന്ത്യയൊഴികെയുള്ള മൂന്ന് സുഹൃദ് രാജ്യങ്ങളുടെ സഹായം തേടി പ്രസിഡന്റ്

single-img
8 February 2018

മാലിദ്വീപ്: രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരവെ സുഹൃദ് രാജ്യങ്ങളുടെ സഹായം തേടി മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍.ഇതുമായി ബന്ധപ്പെട്ട് മൂന്നു രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രതിനിധികളെ അയയ്ക്കാനും തീരുമാനമായി. ചൈന, പാകിസ്താന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രതിനിധികളെ അയയ്ക്കുന്നത്. രാജ്യത്ത് നിലവിലുള്ള പ്രശ്‌നങ്ങള്‍ സുഹൃദ് രാജ്യങ്ങളെ ധരിപ്പിക്കുന്നതിനാണ് നീക്കമെന്ന് യമീന്റെ ഓഫിസ് അറിയിച്ചു.

മാലിദ്വീപിലെ സൈനിക ഇടപെടലില്‍ ചൈന മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് പ്രതിനിധികളെ അയയ്ക്കാന്‍ ഭരണകൂടം തീരുമാനിച്ചത്. മാലിദ്വീപില്‍ ഏതെങ്കിലും രാജ്യം സൈനികമായി ഇടപെടുന്നതു പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്നായിരുന്നു ചൈന അഭിപ്രായപ്പെട്ടത്.

അതിനിടെ, മാലദ്വീപില്‍ ഇന്ത്യ സൈനികമായി ഇടപെട്ട് ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കണമെന്നു മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയുടെ നിലപാടു പ്രശ്‌നം വഷളാക്കുകയേയുള്ളൂവെന്നും ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് അബ്ദുല്ല യമീനെ തുണയ്ക്കുന്നതാണെന്നുമാണ് നഷീദിന്റെ നിലപാട്.

നഷീദടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവാണ് മാലദ്വീപിലെ സ്ഥിതി രൂക്ഷമാക്കിയത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും മറ്റൊരു ജഡ്ജിയെയും അറസ്റ്റ് ചെയ്ത പ്രസിഡന്റ് അബ്ദുല്ല യമീൻ, പ്രതിപക്ഷ നേതാവും മുൻപ്രസിഡന്റുമായ മൗമൂൻ അബ്ദുൽ ഗയൂമിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.

മാലിദ്വീപിലെ പ്രതിസന്ധിയില്‍ ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി.