ബിനോയ് കോടിയേരിയുടെ കേസ് ഒത്തുതീര്‍പ്പിലേക്ക്; യുഎഇ പൗരന് നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കും

single-img
8 February 2018

തിരുവനന്തപുരം:സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. കോടതിക്കു പുറത്തു പ്രശ്നം ഒത്തുതീർപ്പാക്കാനാണു ശ്രമിക്കുന്നത് എന്നാണു റിപ്പോർട്ട്. യുഎഇയിലെ യാത്രാവിലക്കു നീക്കുന്നതിനു നിയമപരമായി നടത്തുന്ന നീക്കങ്ങൾ ഉദ്ദേശിച്ചത്ര ഫലപ്രദമാകാത്തിതിനാലാണ് ഒത്തുതീർപ്പിലേക്കു കാര്യങ്ങളെത്തിയത്.

കേരളത്തില്‍ നിന്നുള്ള ചില വ്യവസായ പ്രമുഖരുടെ സഹായത്തോടെ പരാതിക്കാരനും ജാസ് ടൂറിസം ഉടമയുമായ ഹസന്‍ ഈസ്മായില്‍ മര്‍സൂഖിക്ക് 1.75 കോടി രൂപ (10 ലക്ഷം ദിര്‍ഹം) നല്‍കി പ്രശ്നം പരിഹരിക്കുന്നതിനാണു ഇപ്പോഴത്തെ ശ്രമം.സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായ യുഎഇ സ്വദേശികളും ബിനോയി കോടിയേരിയുമായി അടുപ്പമുള്ളവരും ഡല്‍ഹിക്ക് പുറമെ കോട്ടയം കുമരകത്തുള്ള ആഡംബര ഹോട്ടലിലും ചര്‍ച്ച നടത്തിയാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ രൂപപ്പെടുത്തിയത്.

പണം നല്‍കിയില്ലെങ്കില്‍ ജയില്‍ ശിക്ഷയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് കണ്ടതാണ് ഒത്തുതീര്‍പ്പ് നീക്കം വേഗത്തിലാക്കിയത്. വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്ന സിപിഐഎം നേതാക്കളുടെ സമ്മര്‍ദവും മറ്റൊരു കാരണമാണ്.