യെച്ചൂരിയെ വീണ്ടും രാജ്യസഭയിലെത്തിക്കാൻ ത്രിപുര ഘടകം.

single-img
8 February 2018

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മൂന്നാമതും രാജ്യസഭയിലേക്ക് പ്രവേശനം നല്‍കുന്നതു സംബന്ധിച്ച് പാര്‍ട്ടിയില്‍ ആലോചന. ത്രിപുരയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സി.പി.എമ്മിന്റെ രാജ്യസഭാംഗം ഝര്‍ണദാസ് ബൈദ്യ വിജയിക്കുകയാണെങ്കില്‍ ഒഴിവുവരുന്ന സീറ്റിലേക്കു യെച്ചൂരിയെ മല്‍സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ സംസ്ഥാന ഘടകം നീക്കം നടത്തുന്നത്.

ത്രിപുരയില്‍ നിന്നുള്ള ഏക രാജ്യസഭാംഗമായ ഝര്‍ണാദാസിന്റെ അംഗത്വ കാലാവധി 2022ലേ അവസാനിക്കൂ. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഝര്‍ണാദാസ് സംവരണമണ്ഡലമായ ബദ്ധര്‍ഘഡ് മണ്ഡലത്തില്‍ നിന്നാണു ജനവിധി തേടുന്നത്. വിജയിക്കുകയാണെങ്കില്‍ മന്ത്രി സ്ഥാനം നല്‍കുമെന്ന വാഗ്ദാനം അവര്‍ക്കു ലഭിച്ചിട്ടുണ്ട്.

രാജ്യസഭയിലേക്ക് ഒരാള്‍ പരമാവധി രണ്ടുതവണ അംഗമായാല്‍ മതിയെന്നത് സി.പി.എമ്മിലെ കീഴ്‌വഴക്കമാണ്. അതിനു പുറമെ ജനറല്‍ സെക്രട്ടറി പദവിയിലിരിക്കെ മല്‍സരിക്കുന്ന പതിവും പാര്‍ട്ടിയിലില്ല. അദ്ദേഹത്തെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ ഈ രണ്ടു കീഴ്‌വഴക്കങ്ങളും യെച്ചൂരിക്കു മുമ്പില്‍ തെറ്റിക്കേണ്ടിവരും. നേരത്തെ രണ്ടുതവണ രാജ്യസഭാംഗമായ യെച്ചൂരിക്കു മൂന്നാം ഊഴം നല്‍കുന്നതിനെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേതൃത്വം നല്‍കുന്ന വിഭാഗം എതിര്‍ത്തിരുന്നു.

ബംഗാളില്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ രാജ്യസഭയിലേക്കു പാര്‍ട്ടിക്ക് അംഗങ്ങള്‍ വേണ്ടെന്നതായിരുന്നു അന്ന് എതിര്‍വിഭാഗത്തിന്റെ നിലപാട്. ബംഗാളില്‍ സി.പി.എമ്മിന് തനിച്ചു വിജയിക്കാനാവശ്യമായ സാഹചര്യം ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനംചെയ്‌തെങ്കിലും കോണ്‍ഗ്രസ്സിന്റെ വോട്ടോടെ രാജ്യസഭാംഗത്വം വേണ്ടെന്നു വയ്ക്കുകയായിരുന്നു പാര്‍ട്ടി.

പോളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും വിശദമായ ചര്‍ച്ചകള്‍ നടന്ന ശേഷമായിരുന്നു യെച്ചൂരിക്കു മൂന്നാം ഊഴം നല്‍കേണ്ടെന്നു പാര്‍ട്ടി തീരുമാനിച്ചത്. കാരാട്ട് പക്ഷം ചൂണ്ടിക്കാട്ടിയ സാഹചര്യം ഇപ്പോഴും നിലനില്‍ക്കവെ ഝര്‍ണദാസ് വിജയിക്കുന്നതോടെ ഒഴിവുവരുന്ന രാജ്യസഭാസീറ്റിലേക്കു യെച്ചൂരിയെ മല്‍സരിപ്പിക്കാനുള്ള ത്രിപുര ഘടകത്തിന്റെ നീക്കം പാര്‍ട്ടിക്കുള്ളില്‍ വീണ്ടും വിവാദത്തിനു തിരികൊളുത്താനും സാധ്യതയുണ്ട്.