ബോളിവുഡ് വെറ്ററന്‍ താരം ജിതേന്ദ്ര പീഡിപ്പിച്ചുവെന്ന് കസിന്‍; പരാതി 47 വര്‍ഷങ്ങള്‍ക്ക് ശേഷം

single-img
7 February 2018


മുംബൈ: ബോളിവുഡിലെ പഴയകാല നായകനായ ജിതേന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കസിന്‍ രംഗത്ത്. സംഭവം നടന്ന് 47 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോലീസില്‍ പരാതിയുമായി ഇവര്‍ എത്തിയത്. ജിതേന്ദ്ര എന്നറിയപ്പെടുന്ന രവി കപൂറിന്‍െറ മാതാവിന്‍െറ സഹോദരന്‍െറ മകളാണ് പരാതിക്കാരി. ഹിമാചല്‍ പ്രദേശ് ഡി.ജി.പിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജിതേന്ദ്രയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖ് പ്രതികരിച്ചു.
പരാതി പ്രകാരം 1971 ജനുവരിയിലാണ് സംഭവം നടന്നത്. കസിന് 18 വയസ്സും ജിതേന്ദ്രക്ക് 28 വയസ്സുമായിരുന്നു പ്രായം. തന്‍െറ അറിവില്ലാതെ പിതാവിന്‍െറ സമ്മതം വാങ്ങുകയും ഡല്‍ഹിയില്‍ നിന്ന് സിനിമ സെറ്റായ ഷിംലയില്‍ തന്നെ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് മുറിയില്‍ മദ്യപിച്ച് വന്നാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

ഹോളിവുഡ് സിനിമ ലോകത്തെ വമ്പന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്ന മീ ടു ക്യാംപെയിന്‍ വൈറലാകുമ്പോഴും ഹിന്ദി സിനിമ ലോകത്ത് ആരുടെയും പേര് പുറത്ത് വന്നിരുന്നില്ല. 75 കാരനായ ജിതേന്ദ്ര സിനിമ നിര്‍മാതാവ് എന്ന നിലയിലും പ്രശസ്തനാണ്.