വിജയ് മല്യയെക്കുറിച്ചും, വായ്പാ തട്ടിപ്പിനെക്കുറിച്ചും അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
7 February 2018

ന്യൂഡല്‍ഹി: വിവാദ വ്യവസായിയും പിടികിട്ടാപ്പുള്ളിയുമായ വിജയ് മല്യയുടെ ബാങ്ക് ലോണുകളെ സംബന്ധിച്ച് വിവരങ്ങളൊന്നും തങ്ങളുടെ കൈവശമില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കേന്ദ്ര വിവരാവകാശ കമ്മീഷന് നല്‍കിയ മറുപടിയിലാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം.

രാജീവ് കുമാര്‍ ഖാരേ എന്നയാള്‍ മല്യയുടെ ബാങ്ക് ലോണുകളെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിന് ധനകാര്യ മന്ത്രാലയം മറുപടി നല്‍കണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷ്ണര്‍ ആര്‍.കെ മാത്തുര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിലാണ്, വിവിധ ബാങ്കുകള്‍ മല്യയ്ക്ക് നല്‍കിയ വായ്പകളെ സംബന്ധിച്ചോ അതിന്റെ ജാമ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ടതോ ആയ വിവരങ്ങള്‍ തങ്ങളുടെ കൈവശമില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വിശദീകരണം നല്‍കിയത്. എന്നാല്‍ ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

അതില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് പരിശോധകന് പ്രസ്തുത ബാങ്കുകളെയോ റിസര്‍വ് ബാങ്കിനെയോ സമീപിക്കാവുന്നതാണെന്നും വിവരാവകാശ കമ്മീഷന് നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്.

കേന്ദ്ര സഹമന്ത്രി സന്തോഷ് ഗംഗ്‌വാര്‍ 2017 മാര്‍ച്ച് 17നാണു മല്യയെ സംബന്ധിച്ച ചോദ്യത്തിനു സഭയില്‍ മറുപടി പറഞ്ഞത്. 2016ല്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജ്യസഭയിലും മല്യ വിഷയത്തില്‍ പ്രതികരിച്ചു. എന്നാല്‍, വിവരാവകാശ അപേക്ഷയില്‍ മറുപടി പറയാന്‍ ധനമന്ത്രാലയം തയാറാകാതിരുന്നതിനു കാരണം വ്യക്തമല്ല.