ഇടതുകോട്ട കാവിയണിയുമോ?: ത്രിപുര ഇത്തവണ ബി.ജെ.പി പിടിച്ചടക്കുമെന്ന് സര്‍വെ ഫലം

single-img
6 February 2018

രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്. നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര മൂന്ന് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയവും കേരളവും ഏറെ ശ്രദ്ധിക്കുക ത്രിപുരയിലേക്കാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചുവപ്പ് കോട്ടയെന്ന് അറിയപ്പെടുന്ന ത്രിപുരയില്‍ സി.പി.എമ്മിന് പ്രധാന ഭീഷണിയായി ബി.ജെ.പി എത്തുന്നുവെന്നതാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പിനെ ദേശീയ തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയാക്കുന്നത്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. എന്നാല്‍ കാല്‍നൂറ്റാണ്ടായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുര ഇത്തവണ ബി.ജെ.പി പിടിച്ചടക്കുമെന്നാണ് സര്‍വെ ഫലം.

ദേശീയ ചാനലായ ന്യൂസ് എക്‌സ്ജന്‍കി ബാത്ത് സര്‍വ്വെയുടേതാണ് പ്രവചനം. ആകെയുള്ള ആറുപത് സീറ്റില്‍ 31 മുതല്‍ 37 സീറ്റ് വരെ ബി.ജെ.പി നേടുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. സി.പി.എം 23 മുതല്‍ 29 വരെ സീറ്റ് നേടുമെന്നും കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും സര്‍വെ പ്രവചിക്കുന്നു. ജനുവരി 31 നും ഫെബ്രുവരി മൂന്നിനും ഇടയിലാണ് സര്‍വെ നടത്തിയത്

ഫെബ്രുവരി 18ന് ആണ് തിരഞ്ഞെടുപ്പ്. ത്രിപുരയില്‍ എന്ത് വിലകൊടുത്തും ഭരണം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തന്നെയാണ് ത്രിപുരയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി.

സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ കേരളം പിടിക്കാനുള്ള റിഹേഴ്‌സല്‍ കൂടിയായിട്ടാണ് ത്രിപുര തിരഞ്ഞെടുപ്പിനെ ബി.ജെ.പി കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടു ശതമാനം മാത്രം വോട്ട് നേടിയ ബി.ജെ.പി ഒരു ദിവസം നേരം വെളുത്തപ്പോള്‍ പ്രധാന പ്രതിപക്ഷമായി മാറിയത് വരാന്‍ പോവുന്ന രാഷ്ട്രീയ നീക്കത്തിന്റെ ചുവട്‌വയ്പ് കൂടിയായാണ് നിരീക്ഷകര്‍ കാണുന്നത്.

കൂറുമാറ്റവും നിയമസഭാംഗങ്ങളെ വിലയ്‌ക്കെടുത്തുമായിരുന്നു ബി.ജെ.പിയുടെ പുതിയ കരുനീക്കം. 60 അംഗ നിയമസഭയില്‍ 50 സീറ്റുമായാണ് കഴിഞ്ഞ തവണ സി.പി.എം അധികാരത്തില്‍ എത്തിയത്. പത്ത് സീറ്റു കോണ്‍ഗ്രസ് നേടിയെങ്കിലും ആറ് പേര്‍ ത്രിണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതോടെ കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനം നഷ്ടപ്പെട്ടു.

മറ്റൊരു എം.എല്‍.എ കൂടി കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് തൃണമൂല്‍ അംഗങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ത്രിപുരയുടെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ മുഖമായി ബി.ജെ.പി മാറുകയായിരുന്നു.

ഇന്ത്യയിലെ 65 വര്‍ഷത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ പ്രധാന ഇടതുപാര്‍ട്ടിയായ സി.പി.എമ്മിന് ആദ്യമായാണ് ബി.ജെ.പി നേരിട്ട് ഭീഷണിയുയര്‍ത്തുന്നത്. ഇത്തവണ ഇരു പാര്‍ട്ടികളും മുഖാമുഖം വരുമ്പോള്‍ കേരള ബി.ജെ.പി സി.പി.എം നേതൃത്വങ്ങളും ആശങ്കിലാണ്.

24 വര്‍ഷത്തെ സി.പി.എം ഭരണത്തെ മറിച്ചിട്ടാല്‍ ഇതേ തന്ത്രം കേരളത്തിലും ബംഗാളിലും പ്രയോഗിക്കാമെന്നും ബി.ജെ.പി കരുതുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സമീപകാലം വരെ ബി.ജെ.പിക്ക് അപ്രാപ്യമായിരുന്നുവെങ്കിലും ഒരു കൊല്ലം കൊണ്ട് മൂന്നു സംസ്ഥാനങ്ങളില്‍ അസം, അരുണാചല്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ വിജയക്കൊടി നാട്ടാനായത് ബി.ജെ.പിക്ക് പ്രതീക്ഷയേകുന്നു.

സംസ്ഥാനത്തെ പ്രധാന ഗോത്രവര്‍ഗക്കാരുടെ പാര്‍ട്ടിയായ ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഒഫ് ത്രിപുര പ്രത്യേക സംസ്ഥാനത്തിനായി ഏറെ നാളായി സമരത്തിലാണ്. തിപ്രലാന്‍ഡ് എന്ന പേരില്‍ തങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്നാണ് ഇവരുടെ ആവശ്യം.

ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ജനസംഖ്യയുടെ മൂന്നിലൊന്ന് ഗോത്രവര്‍ഗക്കാരായ ത്രിപുരയില്‍ ഇവരുടെ പിന്തുണ കിട്ടിയാല്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. 60 നിയമസഭാ സീറ്റില്‍ 20 സീറ്റ് ഗോത്ര വര്‍ഗക്കാര്‍ക്ക് സംവരണം ചെയ്തതാണ്.

ഗോത്ര ഇതര പട്ടികവിഭാഗക്കാര്‍ക്ക് 10 സീറ്റ് ഇതിനു പുറമേയുണ്ട്. ഗോത്രവിഭാഗങ്ങളും സി.പി.എമ്മുമായുള്ള സഹകരണം അകന്നതും ബി.ജെ.പിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. അഗര്‍ത്തലയില്‍ എത്തിയ അമിത് ഷാ ആദിവാസിക്കുടിലില്‍ പോയി ഭക്ഷണം കഴിക്കുന്ന ചിത്രം പ്രചരിപ്പിക്കുന്നതും ഗോത്രവിഭാഗങ്ങള്‍ക്കെതിരെ സി.പി.എം ആക്രമണങ്ങള്‍ നടത്തുന്നുവെന്ന പ്രചാരണം ബി.ജെ.പി നടത്തുന്നതും ഇതിന്റെ ഭാഗമാണ്.