കേരള അഗ്രോ മെഷിനറി കോര്‍പറേഷനില്‍ ആയിരം കോടിയുടെ അഴിമതി: അന്വേഷണം ആരംഭിച്ചു

single-img
6 February 2018

സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കേരള അഗ്രോ മെഷിനറി കോര്‍പറേഷനിലേക്ക് 2013-15 കാലയളവില്‍ യന്ത്രസാമഗ്രികള്‍ വാങ്ങിയതിലെ 1000 കോടിയുടെ അഴിമതിയും ക്രമക്കേടും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചതായി സര്‍ക്കാര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ അറിയിച്ചു.

സംസ്ഥാന മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ജനറല്‍ സെക്രട്ടറി ജോയി കൈതാരത്ത് വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ വാദത്തിനിടെയാണ് എറണാകുളം വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതി സംബന്ധിച്ച് സിഎജി അന്വേഷണം നടത്തി വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാരിന് ഉണ്ടായിട്ടുള്ള പൊതു സാമ്പത്തികനഷ്ടം കണ്ടെത്തി തിരിച്ചുപിടിക്കാനും മറ്റു നിയമനപടികള്‍ സ്വീകരിക്കാനും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ഒരുവര്‍ഷമായി ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.