കാട്ടുപോത്ത് വീട്ടില്‍ കയറി അഴിഞ്ഞാടി: കേരള സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

single-img
6 February 2018

ഇടുക്കിയില്‍ കാട്ടുപോത്ത് ആള്‍താമസമുള്ള വീട്ടില്‍ ഒരുരാത്രി താമസിച്ചതിന് സര്‍ക്കാരിന് 1,07,000 രൂപ ചെലവ്. ജനവാസ കേന്ദ്രത്തിലിറങ്ങി വഴിതെറ്റി വീടിനുള്ളിലകപ്പെട്ട കാട്ടുപോത്ത് വീട്ടുസാധനങ്ങള്‍ നശിപ്പിച്ചതിനു നഷ്ടപരിഹാരമായാണു സര്‍ക്കാര്‍ ഈ തുക നല്‍കിയത്.

തട്ടുതട്ടായുള്ള വീടുകള്‍ നിര്‍മിച്ചിരിക്കുന്ന ഭാഗത്തുകൂടി പോകുന്നതിനിടെ മേല്‍ക്കൂരയില്‍ കയറിയ പോത്ത് ഇതു തകര്‍ന്ന് വീടിനുള്ളിലേക്കു വീഴുകയായിരുന്നു. പള്ളനാട് സ്വദേശി തിരുമുല്‍ സ്വാമിയുടേതാണു വീട്. ഇവിടെ വാടകയ്ക്കു താമസിച്ചിരുന്ന രാംകുമാറിനും കുടുംബത്തിനും നഷ്ടപരിഹാരത്തിന്റെ ഒരുഭാഗം ലഭിക്കും.

രണ്ടു മുറികളുള്ള വീടിന്റെ അടുക്കളയിലേക്കു വീണ കൂറ്റന്‍ കാട്ടുപോത്ത് അടുക്കളയിലെ പാത്രങ്ങളും ഗ്ലാസുകളും ഉള്‍പ്പെടെ എല്ലാ ഉപകരണങ്ങളും നശിപ്പിച്ചു. മറ്റു മുറികളിലുണ്ടായിരുന്ന കട്ടില്‍, ടെലിവിഷന്‍, അലമാര, തുണികള്‍, മെത്ത, കമ്പിളി എന്നിങ്ങനെ എല്ലാം തരിപ്പണമാക്കുകയും ചെയ്തു.

സ്ഥലത്തെത്തിയ റേഞ്ച് ഓഫീസര്‍ ആദ്യം 5000 രൂപ നഷ്ടമായി നല്‍കാമെന്ന് അറിയിച്ചെങ്കിലും നാട്ടുകാര്‍ ഒത്തുകൂടി കാട്ടുപോത്തിനെ തുറന്നുവിടില്ലെന്ന് നിലപാട് സ്വീകരിച്ചതോടെ സംഘര്‍ഷാവസ്ഥയായി. ഇതോടെ വന്‍പോലീസ് സംഘം സ്ഥലത്തെത്തി.

വിവരമറിഞ്ഞ എസ്. രാജേന്ദ്രന്‍ എംഎല്‍എ നിയമസഭയില്‍വച്ച് വനംമന്ത്രിയെ വിവരം ധരിപ്പിച്ചു. ഇതോടെ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. നാട്ടുകാരും ഇതോടെ വിട്ടുവീഴ്ചയ്ക്കു തയാറായി. കാട്ടുപോത്തിനെ തുറന്നുവിടാനും സമ്മതിച്ചു.

വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 16000 രൂപയും വയറിംഗിന്റെ അറ്റകുറ്റപണികള്‍ക്കായി 4000 രൂപയും നല്‍കി. ടെലിവിഷന്‍, അലമാര, പാത്രങ്ങള്‍ ഉള്‍പ്പെടെ 78000 രൂപയും, കമ്പിളി, ബെഡ് ഷീറ്റ്, തലയണ ഉള്‍പ്പെടെ തുണിത്തരങ്ങള്‍ക്ക് 9000 രൂപയുമാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.