ചെലവുകുറഞ്ഞ ചികിത്സയെന്ന വാഗ്ദാനം; ഒടുവില്‍ ആ വ്യാജന്‍ 20 പേര്‍ക്ക് നല്‍കിയത് എച്ച്.ഐ.വി ബാധ

single-img
6 February 2018


കാന്‍പൂര്‍: വ്യാജ ഡോക്ടറുടെ ചെലവുകുറഞ്ഞ ചികിത്സയെന്ന തട്ടിപ്പില്‍ വീണ പാവങ്ങള്‍ക്ക് അയാള്‍ നല്‍കിയത് മാരകമായ എച്ച്.ഐ.വി ബാധയുടെ ദുര്യോഗം. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. അണുബാധയുള്ള ഒരു സിറിഞ്ച് ഉപയോഗിച്ച് എല്ലാവരിലും നടത്തിയ ചികിത്സയിലാണ് കുറഞ്ഞത് 20 പേര്‍ക്ക് എച്ച്.ഐ.വി പിടിപെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവം വെളിച്ചത്തുവന്നതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ബംഗര്‍മൗ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഒരു എന്‍.ജി.ഒ 2017 നവംബറില്‍ പ്രദേശത്ത് നടത്തിയ മെഡിക്കല്‍ ക്യാമ്പാണ് ഇക്കാര്യം പുറത്തുവരാന്‍ സഹായിച്ചത്. നിരവധി പേര്‍ക്ക് ഇവിടെ എച്ച്.ഐ.വി ലക്ഷണങ്ങളുണ്ടെന്ന് പരിശോധനയില്‍ അവര്‍ കണ്ടത്തെി.

ഇതിനെ തുടര്‍ന്ന് കാരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ രണ്ടംഗ മെഡിക്കല്‍ ടീമിനെ നിയോഗിച്ചു. ഇവര്‍ വീടുകള്‍ തോറും അന്വേഷണം നടത്തിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.പി ചൗധരി പറഞ്ഞു. രോഗികളെ കൗണ്‍സിലിങ്ങിന് വിധേയരാക്കിയപ്പോഴാണ് രാജേന്ദ്ര കുമാര്‍ എന്ന വ്യാജ ഡോക്ടറുടെ ചികിത്സയിലൂടെയാണ് വൈറസ് ബാധയുണ്ടായതെന്ന് സംശയമുയര്‍ന്നത്.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അധികാരികള്‍ മൂന്ന് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 400 പേരില്‍ 40 പേര്‍ക്ക് എച്ച്.ഐ.വി ലക്ഷണങ്ങളുണ്ടെന്ന് കണ്ടത്തെി. അവരില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള 20 പേരാണ് എച്ച്.ഐ.വി പോസിറ്റീവാണെന്ന് കണ്ടത്തെിയത്. ബാക്കിയുള്ളവര്‍ കാന്‍പൂരിലെ ആന്റിറെട്രോവൈറല്‍ തെറാപി സെന്ററില്‍ ചികിത്സയിലാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ വ്യാജഡോക്ടര്‍ ഒളിവിലാണ്.