വാര്‍ത്താവിലക്ക് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി; കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

single-img
6 February 2018

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കൊപ്പം സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന ശ്രീജിത്ത് വിജയനെ കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കിയ കരുനാഗപ്പള്ളി സബ്‌കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു.

പൊതുചര്‍ച്ച വിലക്കിയ ഉത്തരവ് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും കീഴ്‌കോടതിയുടെ ഉത്തരവ് ഭരണഘടനയുടെ ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കീഴ്‌കോടതി വിധി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൂടാതെ, ശ്രീജിത്തിനും രാഖുല്‍ കൃഷ്ണക്കും ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഹൈക്കോടതി സ്റ്റേ നിലനില്‍ക്കും. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് നടപടിയെന്നും ഇല്ലാത്ത അധികാരമാണ് കീഴ് കോടതി ഉപയോഗിച്ചതെന്നും ചൂണ്ടിക്കാട്ടി മലയാള മനോരമ ചീഫ് എഡിറ്റര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയുന്നതാണ് കീഴ്‌കോടതി വിധിയെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ശ്രീജിത്തിന്റെ പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബിനും മാധ്യമങ്ങള്‍ക്കും കരുനാഗപ്പള്ളി സബ് ജഡ്ജി എ.എം.ബഷീറാണു വാര്‍ത്ത വിലക്കിക്കൊണ്ടുള്ള നോട്ടിസ് അയച്ചത്.

ദുബായ് ബിസിനസുകാരന്‍ രാഖുല്‍ കൃഷ്ണ തന്റെ പേരു ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ശ്രീജിത് വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍. ശ്രീജിത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട കേസിനെക്കുറിച്ചു യുഎഇ പൗരന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണു വിലക്കുവന്നത്.

കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ചര്‍ച്ചകളോ പ്രസ്താവനകളോ പാടില്ലെന്നാണു കരുനാഗപ്പള്ളി സബ്‌കോടതി ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് പ്രസ് ക്ലബിനുമുമ്പില്‍ പതിപ്പിക്കുകയും ചെയ്തു. ബിനോയിക്കെതിരെ 13 കോടിയുടേയും ശ്രീജിത്തിനെതിരെ 10 കോടിയുടേയും സാമ്പത്തിക തട്ടിപ്പ് ആരോപണമാണ് മര്‍സൂഖി ഉന്നയിച്ചത്.