ഐഫോണുകള്‍ക്ക് വിലകൂടുന്നു

single-img
5 February 2018

വിദേശത്ത് നിര്‍മ്മിച്ച് ഇന്ത്യയിലെത്തുന്ന ആപ്പിള്‍ ഐഫോണുകള്‍ക്ക് വിലകൂടുന്നു. ബജറ്റില്‍ ഇറക്കുമതിചുങ്കം 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കിയതാണ് വിലക്കയറ്റത്തിന് കാരണം. വിദേശത്ത് നിര്‍മ്മിച്ചെത്തിക്കുന്ന ആപ്പിള്‍ ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്‌ളസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്‌ളസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്‌ളസ് എന്നീ ഫോണുകള്‍ക്കാണ് ഇന്ന് മുതല്‍ വില കൂടുന്നത്.

ഐഫോണ്‍ എസ്ഇ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെടുന്നത് കൊണ്ട് വിലകൂടില്ല. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കസ്റ്റംസ് നികുതി 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയപ്പോഴും ആപ്പിള്‍ വിലയുയര്‍ത്തിയിരുന്നു. ഡിസംബറില്‍ വിപണിയിലെത്തിയപ്പോള്‍ 89,000 രൂപ വിലയായിരുന്ന ഐഫോണ്‍ എക്‌സ് 64ജിബിക്ക് നിലവിലെ 92,430 രൂപയില്‍ നിന്ന് 95,390 രൂപയാകും.

സ്റ്റോറേജ് 256ജിബി ഉള്ളതിന് 1,08,930 രൂപയായിരിക്കും വില. ഐഫോണ്‍ എട്ടിന്റെ വില തുടക്കം 66,120 രൂപയില്‍ നിന്ന് 67,940 രൂപയാകും. ഐഫോണ്‍ 7 ന് 52,370 രൂപക്ക് മുകളിലേക്കാകും. ഐഫോണ്‍ 6എസിസും 6എസ് പ്‌ളസിനും വില 42,900 രൂപക്ക് മുകളിലേക്കാകും. ഐഫോണ്‍ 6 ന് 31,900 രൂപക്ക് മുകളിലായിരിക്കും പുതിയ വില.