എ.കെ ശശീന്ദ്രനെതിരായ മഹാലക്ഷ്മിയുടെ ഹര്‍ജി: പിന്നില്‍ ഗണേഷ് കുമാറെന്ന് ആരോപണം

single-img
5 February 2018


തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനെതിരെ മഹാലക്ഷ്മി എന്ന വീട്ടമ്മ കോടതിയെ സമീപിച്ചതിന് പിന്നില്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എക്ക് പങ്കുണ്ടെന്ന് ആരോപണം. നേരത്തെ മഹാലക്ഷ്മി മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ പി.എ ആയിരുന്ന ബി.വി. ശ്രീകുമാറിന്റെ വീട്ടിലെ സഹായി ആണെന്ന വിവരം പുറത്തുവന്നിരുന്നു.

ബി.വി. ശ്രീകുമാര്‍ ഗണേഷ് കുമാറിന്റെ വിശ്വസ്തനാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. എന്‍.സി.പിയിലെ രണ്ട് മന്ത്രിമാരും കേസില്‍ പെട്ടതോടെ ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് ആരോപണം. ശശീന്ദ്രനെതിരായ പരാതി തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേസ് തീരുന്ന ദിവസം മഹാലക്ഷ്മി സി.ജെ.എം കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു.

ഇതില്‍ തോമസ് ചാണ്ടിക്ക് പങ്കുണ്ടെന്ന സംശയം ഒരുഭാഗത്തുള്ളപ്പോഴാണ് ഗണേഷ് കുമാര്‍ ബന്ധം വെളിച്ചത്തുവന്നത്. സാധാരണക്കാരിയായ മഹാലക്ഷ്മി ഉന്നത അഭിഭാഷകരെ വച്ച് ഹര്‍ജി നല്‍കിയതിന് പിന്നില്‍ മറ്റാരോ ആണെന്ന് വ്യക്തമായിരുന്നു. ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണ പിള്ളക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് മഹാലക്ഷ്മിക്ക് വേണ്ടി കോടതിയില്‍ എത്തിയത്.