രാജ്യത്ത് തൊഴിലില്ലായ്മയുണ്ടെന്ന് സമ്മതിച്ച് അമിത് ഷാ: ‘പണിയൊന്നുമില്ലാതെ ഇരിക്കുന്നതിലും ഭേദമാണ് പക്കോഡ വില്‍ക്കുന്നത്’

single-img
5 February 2018

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആദ്യ രാജ്യസഭാ പ്രസംഗം. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചരിത്ര നിമിഷമെന്നു വിശേഷിപ്പിച്ച അമിത് ഷാ, മുത്തലാഖ്, രാജ്യത്തെ തൊഴില്‍ പ്രശ്‌നം, ജിഎസ്ടി, ശുചിത്വമിഷന്‍ തുടങ്ങിയവയിലെല്ലാം തന്റെ നയം വ്യക്തമാക്കി.

രാജ്യത്തെ തൊഴിലില്ലായ്മ താന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ 55 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്താണ് ചെയ്തത്. പണിയൊന്നുമില്ലാതെ ഇരിക്കുന്നതിലും ഭേദമാണ് പക്കോഡ വില്‍ക്കുന്നത്. പക്കോഡ വില്‍പ്പനക്കാരനെ യാചകനോട് ഉപമിച്ച പി.ചിദംബരത്തിന്റെ മനോഭാവം ഏതുതരത്തിലുള്ളതാണെന്നും ഷാ ആരാഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ അതിനെ നമോഹെല്‍ത്ത് കെയര്‍ എന്നു വിളിക്കുന്നു. രാജ്യത്ത് ജിഎസ്ടി നടപ്പാക്കാനാകുമെന്ന് ആരും വിചാരിച്ചില്ല. ബിജെപി ഒരിക്കലും ജിഎസ്ടിയെ എതിര്‍ത്തിരുന്നില്ല.

അത് നടപ്പാക്കുന്ന രീതിയെ ആണ് എതിര്‍ത്തിരുന്നത്. കോണ്‍ഗ്രസ് കൊണ്ടുവന്ന ജി.എസ്.ടി ഫെഡറല്‍ സംവിധാനത്തിനു തന്നെ ദോഷമായിരുന്നു. ചെറുകിട ബിസിനസുകളെ തകര്‍ക്കുന്നതായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ കൊണ്ടുവന്ന ജിഎസ്ടി താന്‍ പഠിച്ചു. ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അമിത് ഷാ അവകാശപ്പെടുന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ രാജ്യത്തിന്റെ ശക്തി ലോകം അറിഞ്ഞു. അമേരിക്കയേയും ഇസ്രയേലിനെയും പോലെ അതിര്‍ത്തി സംരക്ഷിക്കാന്‍നുള്ള കരുത്ത് ഇന്ത്യയ്ക്കുമുണ്ടെന്ന് ലോകം കണ്ടു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് ചരിത്ര നിമിഷമായിരുന്നു. ലോകം ഇന്ത്യയെ വ്യത്യസ്ത കോണിലൂടെ കണ്ടുകൊണ്ടിരിക്കുന്നു.

കശ്മീര്‍ രാജ്യത്തിന് സുപ്രധാന വിഷയമാണ്. കഴിഞ്ഞ 35 വര്‍ഷത്തില്‍ കശ്മീര്‍ ഇപ്പോഴാണ് ഏറ്റവും സുരക്ഷിതം. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഭീകരരും തീവ്രവാദികളും അഴിക്കുള്ളിലായി. മുത്തലാഖ് ബില്ലിനേയും അമിത് ഷാ പ്രകീര്‍ത്തിച്ചു.

അവകാശങ്ങള്‍ക്കു വേണ്ടി മുസ്ലീം സ്ത്രീകള്‍ കോടതികള്‍ കയറിയിറങ്ങുകയാണ്. ഷാ ബാനോ കേസില്‍ കോടതി ഒരു ഉത്തരവ് നല്‍കിയെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിനെ ഒരു നിയമത്തിലൂടെ മറികടന്നു. ഇപ്പോള്‍ ബില്‍ രാജ്യസഭയില്‍ കുടുങ്ങിക്കിടക്കുകയാണ്. കോണ്‍ഗ്രസിന് എതിര്‍പ്പില്ലെങ്കില്‍ ബില്‍ നാളെത്തന്നെ പാസാക്കാനാകുമെന്നും ഷാ വ്യക്തമാക്കി.