അന്ന് സിനിമയില്‍ സജീവമായി നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം സീരിയല്‍ നിഷിദ്ധമായ ഒരിടമായിരുന്നു: പ്രിയാ രാമന്‍

single-img
4 February 2018

സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന വിവേചനവും മേല്‍ക്കോയ്മയുമൊന്നും സീരിയല്‍ രംഗത്തില്ലെന്ന് നടി പ്രിയാ രാമന്‍. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. സീരിയല്‍ രംഗത്ത് പുരുഷന്മാരെക്കാള്‍ പ്രാധാന്യം സ്ത്രീകള്‍ക്കാണ്.

എന്നാല്‍ ഒരു 10-12 വര്‍ഷങ്ങള്‍ക്കു മുന്‍പ് അതായിരുന്നില്ല അവസ്ഥ. അന്ന് സിനിമയില്‍ സജീവമായി നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം സീരിയല്‍ നിഷിദ്ധമായ ഒരിടമായിരുന്നു.

സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ക്ക് വരുമാനത്തിന് ആശ്രയിക്കാവുന്ന ഇടം. ഇന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. സിനിമയ്‌ക്കൊപ്പം നില്‍ക്കുന്ന മേഖലയാണ് ഇന്ന് ടെലിവിഷന്‍ രംഗവുമെന്നും പ്രിയ പറഞ്ഞു.

മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ധാരാളം മുന്‍നിര നടന്മാരുടെ നായികയായി വേഷമിട്ട താരമാണ് പ്രിയാ രാമന്‍. 1999ലാണ് പ്രിയ സിനിമാ രംഗത്ത് നിന്ന് വിട്ടത്. പിന്നീട് താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് എത്തിയത്.

ഡിഡി മലയാളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്‌നേഹതീരം എന്ന സീരിയലിലൂടെയായിരുന്നു നടി ടെലിവിഷനിലേക്ക് തുടക്കം കുറിച്ചത്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചു.

നിലവില്‍ സീ ടിവി തമിഴില്‍ സംപ്രേക്ഷണം ചെയ്യുന്ന സെമ്പരത്തി എന്ന സീരിയലില്‍ തത്വാധിഷ്ഠിതമായി ജീവിക്കുന്ന ഒരു സ്ത്രീയുടെ വേഷമാണ് പ്രിയ അവതരിപ്പിക്കുന്നത്.