പരീക്ഷ പേടിയകറ്റാന്‍ മോഡിയുടെ ‘വിജയമന്ത്രങ്ങള്‍’

single-img
4 February 2018


ന്യൂഡല്‍ഹി: പരീക്ഷകള്‍ ആഘോഷമാക്കാന്‍ കുട്ടികള്‍ക്കുള്ള ‘വിജയമന്ത്ര’ങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുസ്തകം. എക്സാം വാരിയേഴ്സ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ 25 ’മന്ത്രങ്ങള്‍’ ആണ് മോഡി അവതരിപ്പിക്കുന്നത്. തന്നോടുതന്നെ മത്സരിക്കാനുള്ള അവസരമായി പരീക്ഷകളെ കാണണമെന്ന് പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് ആവശ്യപ്പെടുന്നു. ടെക്നോളജിയെ പുല്‍കാന്‍ ആഹ്വാനം ചെയ്യുന്ന മോഡി, മഹത്തായ ഗുരു എന്നാണ് ടെക്നോളജിയെ വിശേഷിപ്പിക്കുന്നത്.

‘അതേസമയം, ആവശ്യമായ വിശ്രമം കിട്ടുന്നു എന്ന് ഉറപ്പ് വരുത്തണം. കാരണം ഉറക്കം വലിയയൊരു ആയുധമാണ്.’ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് 25 വിജയമന്ത്രങ്ങളും വിശദീകരിച്ചു.

രാഷ്ട്രീയാതീതമായ രീതിയില്‍ വിദ്യാര്‍ഥികളുമായും അധ്യാപകരുമായും രക്ഷാകര്‍ത്താക്കളുമായെല്ലാം സംവദിക്കുന്ന പുസ്തകം രാജ്യത്തെ എല്ലാ വീടുകളിലും ഇടം പിടിക്കുമെന്ന് കേന്ദ്ര മനുഷ്യ വിഭവ ശേഷി വികസന മന്ത്രി പ്രകാശ് ജാവദേകര്‍ പറഞ്ഞു. പെന്‍ഗ്വിന്‍ ആണ് 193 പേജുള്ള പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.