നോട്ട് നിരോധനം; അനധികൃത അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചവർക്ക് പണി കിട്ടി

single-img
4 February 2018

രാജ്യത്ത് 1000, 500 നോട്ട് നിരോധനക്കാലത്ത് അനധികൃത അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ച രണ്ടു ലക്ഷം പേര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. കണക്കില്‍പ്പെടാത്ത 15 ലക്ഷമോ അതിലേറെയോ തുക നിക്ഷേപിച്ചവര്‍ക്കാണ് നോട്ടിസ് അയച്ചത്. ഇതു കൈപ്പറ്റിയ 1.98 ലക്ഷത്തോളം പേരില്‍ ആരും മറുപടി അയച്ചിട്ടില്ല. ഇവര്‍ക്കെതിരേ കടുത്ത ശിക്ഷാ നടപടികളുണ്ടാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.ടി) ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. 2016 നവംബറിലായിരുന്നു നോട്ട് അസാധുവാക്കല്‍. അപ്പോള്‍ ചില അക്കൗണ്ടുകളില്‍ വന്‍തുകയെത്തിയിരുന്നു.

കഴിഞ്ഞ മൂന്നുമാസത്തിനിടെ നികുതിയുമായി ബന്ധപ്പെട്ട് മൂവായിരത്തോളം പേര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുക, നികുതി തട്ടിപ്പ് തുടങ്ങിയവയ്ക്കാണ് നടപടി. ആദായനികുതി വകുപ്പില്‍ ഡിജിറ്റല്‍വല്‍ക്കരണം ശക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ഇ- അസസ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വകുപ്പ്. ഓണ്‍ലൈനായി നികുതി ഫയല്‍ ചെയ്യുന്നതുള്‍പ്പെടെ പരീക്ഷണാടിസ്ഥാനത്തില്‍ ഇ- അസെസ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇത് വ്യാപിപ്പിക്കുമെന്നും സുശീല്‍ ചന്ദ്ര കൂട്ടിച്ചേര്‍ത്തു.