ഭൂരിഭാഗം പമ്പുകളിലും ഇന്ധനം തീര്‍ന്നു: സംസ്ഥാനത്തെ ഐഒസി പമ്പുകളില്‍ ഇന്ധനക്ഷാമം

single-img
4 February 2018

സംസ്ഥാനത്തെ ഐഒസി പമ്പുകളില്‍ ഇന്ധനക്ഷാമം. ഇരുമ്പനം പ്ലാന്റിലെ ടാങ്കര്‍ ലോറി തൊഴിലാളികളുടെ സമരമാണ് ഇന്ധനക്ഷാമത്തിനു കാരണമായത്. ഐഒസിയുടെ ഭൂരിഭാഗം പമ്പുകളിലും ഇന്ധനം തീര്‍ന്നു.

മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള ഐ.ഒ.സി പമ്പുകളിലാണ് ഇരുമ്പനം പ്ലാന്റില്‍നിന്ന് ഇന്ധനമെത്തിക്കുന്നത്. ഈ ജില്ലകളിലെ പമ്പുകളിലാണ് ഇന്ധനക്ഷാമം.
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ അധികവും ഐ.ഒ.സിയുടേതാണ്. 900 ത്തിലധികം പമ്പുകളാണ് സംസ്ഥാനത്ത് ഐ.ഒ.സിക്കുള്ളത്. രണ്ടു ദിവസമായി ഇന്ധനക്ഷാമം ഉണ്ടെങ്കിലും ഞായറാഴ്ചയോടെ ഇത് രൂക്ഷമായി. കൊച്ചി നഗരത്തിലെ പല പമ്പുകളും അടച്ചു.

400 ഓളം ലോഡ് ഇന്ധനമാണ് ഇരുമ്പനത്തെ ഐ.ഒ.സി പ്ലാന്റില്‍നിന്ന് ഓരോ ദിവസവും പെട്രോള്‍ പമ്പുകളിലേക്ക് കൊണ്ടുപോകുന്നത്. ഹൈറേഞ്ച് മേഖലകളിലേക്ക് കൊണ്ടുപോകാനുള്ള ഇന്ധനം രാവിലെ 11 മണിക്ക് മുമ്പുതന്നെ നല്‍കണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. ഉച്ചയ്ക്കുശേഷം ലോഡ് ലഭിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ലോറി ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കമാണ് സമരത്തിന് ഇടയാക്കിയത്. പ്രതിസന്ധി പരിഹരിക്കാന്‍ അധികൃതര്‍ ശ്രമം നടത്തുന്നുണ്ട്.