മാമാങ്കത്തിന് വേണ്ടി മമ്മൂട്ടി മാറ്റിവച്ചത് 100 ദിവസം

single-img
3 February 2018

മമ്മൂട്ടി നായകനാകുന്ന മാമാങ്കം എന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 10ന് ആരംഭിക്കും. ചിത്രത്തിന് വേണ്ടി 100 ദിവസത്തെ ഡേറ്റ് ആണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാകും മാമാങ്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.

മാഘമാസത്തിലെ മകം നാളില്‍ തിരുനാവായ മണല്‍പ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് ചിത്രമൊരുക്കുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തില്‍ ചാവേറാകാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മംഗലാപുരത്താകും ആദ്യ ഘട്ട ചിത്രീകരണം ആരംഭിക്കുക. 20 ദിവസമാണ് ആദ്യഘട്ട ചിത്രീകരണം.

ചിത്രത്തില്‍ മൂന്നു നായികമാരാണുള്ളത്. ഏപ്രിലില്‍ തുടങ്ങുന്ന രണ്ടാംഘട്ട ചിത്രീകരണത്തിലെ നായികമാര്‍ ഉണ്ടാവൂ. പഴശ്ശിരാജക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമ എന്ന പ്രത്യേകതയും മാമാങ്കത്തിനുണ്ട്. നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. ക്വീനിലൂടെ അരങ്ങേറിയ ധ്രുവനും സിനിമയുടെ ഭാഗമാകും.

നവാഗതനായ സജീവ് പിള്ളയാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സഹസംവിധായകനായിരുന്നു സജീവ് പിള്ള.