എ.കെ. ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ചത് തോമസ് ചാണ്ടിയുടെ പി.എയുടെ സഹായി

single-img
3 February 2018

തിരുവനന്തപുരം: ഗതാഗത മന്ത്രിയായി വീണ്ടും അധികാരമേല്‍ക്കുന്നതിന് മുമ്പ് എ.കെ. ശശീന്ദ്രനെ കുരുക്കാന്‍ കോടതിയില്‍ ഹര്‍ജിയുമായി എത്തിയത് മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ പി.എയുടെ വീട്ടിലെ സഹായി എന്ന് വെളിപ്പെടുത്തല്‍. ഫോണ്‍കെണി വിവാദവുമായി ബന്ധപ്പെട്ട കേസുകള്‍ ഒത്തുതീര്‍പ്പാകുകയും ശശീന്ദ്രന്‍ വീണ്ടും മന്ത്രിപദത്തിലേക്ക് തിരിച്ചത്തെുമെന്ന് ഉറപ്പാകുകയും ചെയ്ത ഘട്ടത്തിലാണ് തൈക്കാട് സ്വദേശി മഹാലക്ഷ്മി തിരുവനന്തപുരം സി.ജെ.എം കോടതിയെ സമീപിച്ചത്. ഇവര്‍ തോമസ് ചാണ്ടിയുടെ പി.എ ആയിരുന്ന ശ്രീകുമാറിന്‍െറ വീട്ടില്‍ കുട്ടികളെ നോക്കുന്ന സഹായി ആണ് എന്നാണ് വെളിപ്പെടുത്തല്‍.

കേസ് തീര്‍പ്പാകുന്ന ദിവസം എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സി.ജെ.എം കോടതി പരിഗണിക്കാതിരുന്നതോടെ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. പരാതിക്കാരിയുടെ മേല്‍വിലാസം വ്യാജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. കേസ് അവസാനിപ്പിക്കുന്ന സമയം ഹര്‍ജികള്‍ വന്നത് ദുരൂഹമാണെന്ന് എ.കെ.ശശീന്ദ്രനും പ്രതികരിച്ചിരുന്നു.