കേരളത്തിലും സാര്‍വത്രിക ആരോഗ്യ സുരക്ഷാപദ്ധതി പ്രഖ്യാപിച്ച് തോമസ് ഐസക്

single-img
2 February 2018

തിരുവനന്തപുരം: ഇന്ത്യയില്‍ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളവും സാര്‍വത്രിക ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

ആര്‍.എസ്.ബി.ഐ പദ്ധതിയുള്ളവരുടെ കേന്ദ്ര ഇന്‍ഷുറന്‍സ് പ്രീമിയം വേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കും. മറ്റുള്ളവര്‍ക്ക് സ്വന്തം നിലയ്ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാമെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനുള്ള വിഭവസമാഹരണം ലോട്ടറി വഴിയായിരിക്കും കണ്ടെത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി വിഭാഗം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ പുതിയ കാന്‍സര്‍ സെന്റര്‍ സ്ഥാപിച്ച് സമഗ്ര കാന്‍സര്‍ ചികിത്സാ പദ്ധതി നടപ്പാക്കും. പൊതുആരോഗ്യ സംരക്ഷണത്തിന് 1685 കോടിയും ബഡ്ജറ്റില്‍ വകയിരുത്തി.

സംസ്ഥാനത്ത് ഭക്ഷ്യസബ്‌സിഡി നല്‍കുന്നതിന് 954 കോടി രൂപ വകയിരുത്തിയതായി ഐസക് പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാന്‍ 31 കോടി പ്രത്യേകം അനുവദിക്കുന്നതായും മന്ത്രി പറഞ്ഞു. തീരദേശ വികസനത്തിനും 2000 കോടിയുടെ പാക്കേജ് മന്ത്രി പ്രഖ്യാപിച്ചു. ഓഖി ചുഴലിക്കാറ്റ് വിതച്ച വിഷമതകള്‍ക്കിടയിലും കേരളം തകരാതെ പിടിച്ചു നിന്നുവെന്നും മന്ത്രി പറഞ്ഞു.

പ്രഖ്യാപനങ്ങള്‍

*സമഗ്ര കാന്‍സര്‍ ചികിത്സാ പദ്ധതി നടപ്പാക്കും
*പ്രവാസികള്‍ക്ക് മസാല ബോണ്ട് നടപ്പാക്കും
*സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് 2500 കോടി
*തിരഞ്ഞെടുക്കപ്പെടുന്ന റേഷന്‍കടകളെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളാക്കും
*വിശപ്പ് രഹിത പദ്ധതിക്ക് 20 കോടി
*വിപണി ഇടപെടലിന് 260 കോടി
*ഭക്ഷ്യസുരക്ഷയ്ക്ക് 900 കോടി, ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാന്‍ 31 കോടി
*കോഴിത്തീറ്റ ഫാക്ടറിക്ക് 20 കോടി
*കിഫ്ബിയില്‍ ചേരുന്നവര്‍ക്ക് നിബന്ധനകളോടെ പെന്‍ഷനും അപകട ഇന്‍ഷ്വറന്‍സും
*സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍നുകള്‍ മുടങ്ങില്ല
*പദ്ധതിച്ചെലവ് 22 ശതമാനം കൂടി, പദ്ധതിയേതരചെലവ് 24 ശതമാനം കൂടി
*സാന്പത്തിക അച്ചടക്കം അനിവാര്യം, റവന്യൂ കമ്മി 3% ആയി നിലനിറുത്തും
*നികുതി വരുമാനം കുറഞ്ഞു, 14 ശമതാനം മാത്രം, നികുതി വരുമാനം 86,000 കോടി
*4.21 ലക്ഷം പേര്‍ക്ക് നാല് ലക്ഷം രൂപയുടെ വീട്
*തീരദേശത്തിനായി ഡി.പി.ആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപ
*ജി.എസ്.ടി നിരാശപ്പെടുത്തി, നേട്ടം കിട്ടിയത് വന്‍കിട കമ്പനികള്‍ക്ക്
*തീരദേശ സ്‌കൂളുകള്‍ നവീകരിക്കും
*തീരദേശ മേഖലയില്‍ സൗജന്യ വൈഫൈ
*തുറമുഖ വികസനത്തിന് 584 കോടി
*നോട്ട് നിരോധനം ഓഖി ചുഴലിക്കാറ്റുപോലെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തു
*കിഫ്ബി വഴി 900 കോടി സമാഹരിക്കും
*തീരദേശത്തെ 50 മീറ്റര്‍ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 150 കോടി
*മത്സ്യമേഖലയ്ക്ക് 600 കോടി
*തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്
*ലിംഗസമത്വം ഉറപ്പാക്കും