നടി സനുഷയെ ട്രെയിനില്‍ ആക്രമിച്ച പ്രതി പിടിയില്‍: യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് നടി

single-img
1 February 2018

പ്രമുഖ ചലച്ചിത്ര നടി സനുഷയെ ട്രെയിനില്‍ ആക്രമിച്ച പ്രതി പിടിയിലായി. തമിഴ്‌നാട് സ്വദേശി ആന്റോ ബോസ് ആണ് തൃശ്ശൂര്‍ റെയില്‍വെ പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം കണ്ണൂര്‍ മാവേലി എക്‌സ്പ്രസ്സിലാണ് സംഭവം. ട്രെയിന്‍ വടക്കാഞ്ചേരിയില്‍ എത്തിയപ്പോള്‍ അടുത്ത ബര്‍ത്തില്‍ ഉണ്ടായിരുന്ന പ്രതി സനുഷയെ ആക്രമിക്കാന്‍ ശ്രമം നടത്തുകയായിരുന്നു.

നടി ബഹളം വെച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഓടിക്കൂടി. എന്നാല്‍ ആരും ഇടപെട്ടില്ല. പിന്നീട് ട്രെയിനില്‍ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആര്‍ ഇടപെടുകയും പ്രതിയെ പിടികൂടി പോലീസിന് വിവരമറിയിച്ചു. ട്രെയിന്‍ തൃശ്ശൂരില്‍ എത്തിയപ്പോള്‍ പ്രതിയെ റെയില്‍വെ പോലീസിന് കൈമാറി. സനുഷയുടെ പരാതിയില്‍ പ്രതി അന്റോ ബോസിനെതിരെ മാനഭംഗത്തിന് കേസെടുത്ത് റിമാന്റ് ചെയ്തു.

ഉറക്കത്തില്‍ ആരോ ചുണ്ടില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായി തോന്നി. ഞെട്ടി ഉണര്‍ന്ന് ബഹളം വച്ചിട്ടും ആരും സഹായത്തിനെത്തിയില്ലെന്നു സനുഷ പറഞ്ഞു. ഇത് എല്ലാവര്‍ക്കും ഒരു പാഠമായിരിക്കണം. ഒറ്റക്കാകുമ്പോള്‍ ചിലപ്പോള്‍ ആരും സഹായത്തിന് വരില്ല. ഇങ്ങനെയൊരു ദുരനുഭവം ഇനിയാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് താനിപ്പോള്‍ പ്രതികരിക്കുന്നതെന്നും നടി വ്യക്തമാക്കി.