21 വര്‍ഷമായി അനുഭവിക്കുന്ന ഭര്‍തൃപീഡനത്തില്‍ നിന്ന് മോചനം വേണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി വീട്ടമ്മ

single-img
31 January 2018

ബഹു: കേരള മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് !!!കഴിഞ്ഞ 21 വർഷമായി ഭർതൃപീഡനം അനുഭവിക്കുന്ന ഒരു വീട്ടമ്മയാണ് ഞാൻ……

Posted by Sunitha Charuvil on Tuesday, January 30, 2018

തൃശ്ശൂര്‍: തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി സുനിത സി കേരള മുഖ്യമന്ത്രിക്ക് എഴുതിയ തുറന്നകത്ത് ചര്‍ച്ചയാകുന്നു. ഇരുപത്തിയൊന്ന് വര്‍ഷത്തോളമായി ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന തന്റെ പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലം അട്ടിമറിക്കുകയാണെന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നുമാണ് ഇവര്‍ പറയുന്നത്.

പലപ്രവാശ്യം നീതിക്കായി പോലീസിനെ സമീപിച്ചെങ്കിലും അവിഹിതമായ ഇടപെടലുകള്‍ നടന്നെന്നും പോലീസ് പലപ്പോഴും ഒത്തുതീര്‍പ്പിനാണ് ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. എകെജി ഭവനിലുള്ള ഭര്‍തൃസഹോദരിയും ചിന്തയില്‍ ജോലി ചെയ്യുന്ന ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്നാണ് തന്റെ പരാതിയില്‍ നടപടി എടുക്കാതിരിക്കാന്‍ പൊലീസിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നതെന്ന് സുനിത ആരോപിക്കുന്നു.

ഇക്കഴിഞ്ഞ ജനുവരി 9 ന് അച്ഛന്റെ മരണത്തിന് ശേഷം ചെമ്മപ്പള്ളിയിലെ ഭര്‍ത്താവിന്റെ വീട്ടലെത്തിയ തന്നെ ഭര്‍ത്താവ് യാതൊരു വിധ പ്രകോപനങ്ങളുമില്ലാതെ ശരീരമാസകലം തല്ലി ചതക്കുകയും വാരിയെല്ലുകള്‍ക്കു ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നും, എന്നിട്ടും കലിയടങ്ങാതെ പട്ടിയെ കെട്ടുന്ന ബെല്‍റ്റുകൊണ്ട് തുരുതുരാ അടിച്ചു പൊളിച്ചെന്നും സുനിത ആരോപിക്കുന്നു. ബോധം മറഞ്ഞ തന്നെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് സുനിത പറഞ്ഞു

സുനിത എഴുതിയ കുറിപ്പ് ഇങ്ങനെ

ബഹു: കേരള മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് !

കഴിഞ്ഞ 21 വര്‍ഷമായി ഭര്‍തൃപീഡനം അനുഭവിക്കുന്ന ഒരു വീട്ടമ്മയാണ് ഞാന്‍… ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് എന്നെ മൃഗീയമായി തല്ലിച്ചതക്കുകയും സമൂഹത്തിനു മുന്നില്‍ ഭ്രാന്തിയായി ചിത്രീകരിക്കുകയും ചെയ്തു.. പലപ്രാവിശ്യം നിയമസഹായം തേടിയെങ്കിലും അങ്ങയുടെ പാര്‍ട്ടിയുടെ സംസ്ഥാനഓഫീസായ അഗഏ ഭവനില്‍ ജോലി ചെയ്യുന്ന ഭര്‍തൃ സഹോദരിയുടെയും ‘ചിന്ത’യില്‍ ജോലി ചെയ്യുന്ന ഭര്‍തൃസഹോദരി ഭര്‍ത്താവിന്റെയും അവിഹിത ഇടപെടല്‍ മൂലം നിയമപാലകര്‍ ഏകപക്ഷീയ നിലപാടുകള്‍ എടുക്കുകയാണുണ്ടായത്. ഞാന്‍ നിസ്സഹായായി…രണ്ടു വര്‍ഷം മുന്‍പ് എന്റെ കൈ തല്ലിയൊടിച്ചു.. ശരീരമാസകലം പരിക്കേല്‍പിച്ചു … എന്നിട്ടും പോലീസ് ഇടനിലക്കാരായി ഒതുക്കി തീര്‍ത്തു…

ഇക്കഴിഞ്ഞ ജനുവരി 9 ന് എന്റെ അച്ഛന്റെ മരണാവശ്യങ്ങള്‍ കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടലെത്തിയ എന്നെ യാതൊരു വിധ പ്രകോപനങ്ങളുമില്ലാതെ ശരീരമാസകലം തല്ലി ചതക്കുകയും വാരിയെല്ലുകള്‍ക്കു ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു… എന്നിട്ടും കലിയടങ്ങാതെ പട്ടിയെ കെട്ടുന്ന ബെല്‍റ്റിനാല്‍ തുരുതുരാ അടിച്ചു പൊളിച്ചു… ഒരു സ്ത്രീക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു മര്‍ദ്ദനമുറകള്‍… ബോധം മറഞ്ഞ എന്നെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത് .. ഇന്റിമേഷന്‍ പോയി രണ്ടു നാള്‍ കഴിഞ്ഞാണ അന്തിക്കാട് പോലീസ് മൊഴിയെടുക്കുവാനെത്തിയത്.

എടുത്ത കേസ് ആകട്ടെ ദുര്‍ബലമായ വകുപ്പുകളും ചേര്‍ത്ത്. സഹോദരിയുടെയും സഹോദരി ഭര്‍ത്താവിന്റെയും ഇടപെടല്‍ ഇത്തവണയും അതിശക്തമായിരുന്നു. അതിനെ ചോദ്യം ചെയ്ത എനിക്ക് സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ മറുപടി ‘മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട കേസ് ആയതിനാല്‍ ഞങ്ങള്‍ക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ എന്നാണ്..

സര്‍… സ്ത്രീ സുരക്ഷ ഉറപ്പു വരുത്തും എന്ന് പറഞ്ഞു അധികാരത്തിലേറിയ അങ്ങയുടെ അറിവോടെയാണോ നിരാലംബയായ എന്നെ ഇത്ര മാരകമായി മര്‍ദിച്ച ആളെ സഹായിക്കുന്ന തരത്തിലുള്ള ഇടപെടല്‍ ഉണ്ടായത് ?? താങ്കളുടെ അറിവോടെയല്ലെങ്കില്‍ അങ്ങയുടെ ഓഫീസിന്റെ മറവില്‍ നടക്കുന്ന ഇത്തരം അനീതികള്‍ അവസാനിപ്പിച്ച് എനിക്ക് നീതി ലഭിക്കത്തക്കവിധത്തിലുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് നിറമിഴികളോടെ യാചിക്കുന്നു.

എന്ന് ഒരു ഇടതുപക്ഷ സഹയാത്രികകൂടിയായ

സുനിത സി.എസ്
കൈപ്പമംഗലം
തൃശൂര്‍