യു.എ.ഇ രാജാവിൽ നിന്ന് മൊയ്തീനു കിട്ടിയത് അപൂർവ്വ സമ്മാനം: പ്രവാസികൾക്കിടയിൽ കണ്ണൂർ സ്വദേശി താരമായത് ഇങ്ങനെ…

single-img
24 January 2018

വല്ലാത്തൊരു വിസ്മയ ലോകത്താണിപ്പോള്‍ കണ്ണൂര്‍ സ്വദേശി മൊയ്തീന്‍. 40 വര്‍ഷത്തെ പ്രവാസത്തിനു ശേഷം ഈ മാസം റിട്ടയര്‍ ചെയ്യാനിരുന്ന മൊയ്തീനു അവിചാരിതമായി ഒരു സമ്മാനം കിട്ടി. അധികമാര്‍ക്കും കിട്ടാത്ത അപൂര്‍വ ഭാഗ്യം. അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആലിംഗനം ചെയ്താണ് മൊയ്ദീന് യാത്രയയപ്പു നല്‍കിയത്.

അങ്ങനെയൊന്നു സംഭവിക്കുമെന്ന് മൊയ്തീന്‍ സ്വപ്നത്തില്‍ വിചാരിച്ചതല്ല. യു എ ഇ യിലെ ഒട്ടേറെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അബുദാബിയിലെ അല്‍ബഹാര്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു ചടങ്ങ്.

സൗഹൃദം നിറഞ്ഞ അന്തരീക്ഷത്തില്‍ പ്രൗഢമായ യാത്രയയപ്പു നല്‍കി എന്ന് മാത്രമല്ല, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഇന്‍സ്റ്റാഗ്രാമിലൂടെയും ട്വിറ്ററിലൂടെയും അതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവിടുകയും ചെയ്തു. വീഡിയോ ഇപ്പോള്‍ തന്നെ ലക്ഷകണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു.

നാല് പതിറ്റാണ്ടായി കിരീടാവകാശിയുടെ കൊട്ടാരത്തില്‍ ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന അറുപത്തിമൂന്നുകാരനായ മൊയ്തീനെ ആലിംഗനം ചെയ്താണ് ഷെയ്ഖ് സ്വീകരിച്ചത്. വീട്ടിലെയും നാട്ടിലെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ കിരീടാവകാശി സുരക്ഷിതമായ മടക്ക യാത്ര ആശംസിച്ചപ്പോള്‍ ഒന്നുകൂടെ പറഞ്ഞു- ”എപ്പോള്‍ വേണമെങ്കിലും താങ്കള്‍ക്ക് ഈ പോറ്റു നാട്ടിലേക്കു ഇനിയും വരാം”. യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി വാം ഇതിന്റെ ചിത്രങ്ങളും വാര്‍ത്തയും പുറത്തു വിട്ടിട്ടുണ്ട്.

‘എല്ലാവരോടും ബഹുമാനത്തോടും പുഞ്ചിരിയോടെയും സംസാരിക്കുന്ന കിരീടാവകാശിയെ ഞാന്‍ പലപ്പോഴും അകലെ നിന്ന് നോക്കി നിന്നിട്ടുണ്ട്. ഇന്നലെ അദ്ദേഹം എന്നോടപ്പം അല്പ സമയം ചെലവിട്ടു. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. യാത്രാമംഗളങ്ങള്‍ നേര്‍ന്നു. ജീവിതത്തില്‍ എനിക്ക് ലഭിച്ച വലിയ ആദരവായാണ് ഞാന്‍ ഇത് കാണുന്നത്.

എമിറാത്തികള്‍ എപ്പോഴും സ്‌നേഹം മാത്രം തരുന്നവരാണെന്നും കഴിഞ്ഞ 40 വര്‍ഷമായി താനത് അനുഭവിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. നല്ല മനുഷ്യരേയും നാടിനെയും വിട്ടകലുന്നതില്‍ ദുഃഖമുണ്ടെന്നും മധുരിക്കും ഓര്‍മ്മകള്‍ മാത്രമാണ് യു.എ.ഇ.എനിക്ക് സമ്മാനിച്ചതെന്നും മൊയ്തീന്‍ പറഞ്ഞു.

ഈ ജോലിക്കിടയില്‍ തന്റെ ജീവിതം മെച്ചപ്പെടുത്താനും ഒരുപാട് പേരെ സഹായിക്കാനും കഴിഞ്ഞതു നേട്ടമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1978 ലാണ് മൊയ്തീന്‍ കിരീടാവകാശിയുടെ ഓഫീസില്‍ അസിസ്റ്റന്റ്‌റ് ആയി തുടങ്ങിയത് . പത്താം തരം പാസാവാത്ത തനിക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ജോലിയാണ് ഇതെന്ന് അദ്ദേഹം വിശ്ശ്വസിക്കുന്നു. അഞ്ചു മക്കളാണ് മൊയ്തീന്. മകന്‍ സൌദിയിലാണ്. ഈ മാസം 31 നു വിരമിക്കുന്ന മൊയ്തീന്‍, ഭാര്യ ആബിദയോടപ്പം ഫെബ്രുവരി 15 നു നാട്ടിലേക്ക് തിരിക്കും..