ഗതാഗത ബോധവത്കരണത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് ഈ പൂച്ച: വീഡിയോ കണ്ടുനോക്കൂ

single-img
24 January 2018

ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ബോധവത്കരണ പരിപാടികളും മറ്റും മിക്ക സ്ഥലത്തും നടക്കാറുണ്ടെങ്കിലും അപകടമുണ്ടാവുന്നതിന് ഒരു ഒരു കുറവുമില്ല എന്നതാണ് യഥാര്‍ഥ്യം. എന്നാല്‍, കഴിഞ്ഞ ദിവസം മുംബൈ പോലീസ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ ഷെയര്‍ ചെയ്ത ഒരു വീഡിയോ ഗതാഗത ബോധവത്കരണത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ്. ഇതിലും വലിയൊരു ബോധവത്കരണ സന്ദേശം ഇല്ലായെന്നു തന്നെ പറയാം.

തിരക്കേറിയ നഗരത്തിലെ ഒരു റോഡ് മുറിച്ച് കടക്കാനായി സിഗ്‌നല്‍ ലൈറ്റ് മാറുന്നത് വരെ കാത്തിരിക്കുന്ന ഒരു പൂച്ചയുടേതാണ് വീഡിയോ. വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് പോവുമ്പോള്‍ ചുവപ്പ് ലൈറ്റ് മാറി പച്ചലൈറ്റ് പ്രകാശിക്കാനായി ക്ഷമയോടെ കാത്തിരിക്കുകയാണ് ഈ പൂച്ച.

അല്‍പ്പ നേരം കാത്തിരുന്ന് തനിക്ക് മുറിച്ച് കടക്കാനുള്ള അനുവാദം കിട്ടിയതോടെ ഇരുവശത്തേക്കും നോക്കി ഒരു പരാതിയുമില്ലാതെ മുറിച്ച് കടക്കുന്നു. മറുവശത്ത് കാത്തിരുന്ന ആരോ വീഡിയോ ഷൂട്ട് ചെയ്ത് ഷെയര്‍ ചെയ്തതോടെ സംഭവം വൈറലാവുകയും ചെയ്തു. ഇതില്‍ കൂടുതല്‍ എന്ത് പറയണം എന്നെഴുതി ട്രാഫിക് ഡിസിപ്ലിന്‍ ഹാഷ്ടാഗോടെയാണ് മുംബൈ പോലീസ് ട്വിറ്റര്‍ പേജിലൂടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.