അബുദാബിയിലെ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ വീഡിയോ ഗെയിം കളിച്ച് ലോക റെക്കോഡിട്ടു

single-img
23 January 2018

അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ സഞ്ജുവും വൈശാഖുമാണ് പുതിയ ചരിത്രം കുറിച്ചത്. ഗ്രാന്‍ഡ് ടൂറിസ്‌മോ എന്ന പ്രശസ്തമായ വീഡിയോ ഗെയിമിലെ ലുഗുന സീക്ക എന്ന ലാപ്പ് ഏറ്റവും വേഗം പൂര്‍ത്തീകരിച്ചപ്പോള്‍ അത് പുതിയ ചരിത്രമായി.

ഒരു മിനിറ്റ് 36 സെക്കന്‍ഡ് എന്ന നിലവിലെ റെക്കോര്‍ഡ് ഒരു മിനിറ്റ് 28 സെക്കന്‍ഡില്‍ ഇരുവരും പൂര്‍ത്തിയാക്കുകയായിരുന്നു. അബുദാബി യാസ് മാളിലെ ഗെയ്മിങ് സെന്ററിലായാണ് ഇവര്‍ റെക്കോര്‍ഡ് സമയം കുറിച്ചത്. റെക്കോര്‍ഡ് അംഗീകരിച്ചുകൊണ്ടുള്ള ഗിന്നസിന്റെ സാക്ഷ്യപത്രം ഇരുവര്‍ക്കും ലഭിച്ചു.

രണ്ടു പേരും ചേര്‍ന്ന് ആദ്യമൊക്കെ ട്യൂഷന്‍ സമയം കഴിഞ്ഞാണ് കളിച്ചു തുടങ്ങിയത്. രണ്ടുപേരുടെയും ഹോബി ഒന്നായതും നേട്ടം കൈവരിക്കാന്‍ കാരണമായി. വൈശാഖ് സ്റ്റീയരിങ്ങ്, സാബു ആക്‌സലേറ്റര്‍, ബ്രേക്ക് എന്നിങ്ങനെ ആണ് ഈ ഗയിമില്‍ കൈകാര്യം ചെയ്യുന്നത്.

ആറു വര്‍ഷമായി ഈ ഗെയിം കളിക്കാറുങ്കിലും കഴിഞ്ഞ മൂന്നു മാസമായിട്ടാണ് രണ്ടാളും കൂടി പരിശീലനം ആരംഭിച്ചത്. രണ്ടു പേര്‍ കളിക്കുന്നത് കൊണ്ട് തന്നെ രണ്ടാളും ഒരേ പോലെ ചിന്തിക്കണം. കളിക്ക് ഇടയില്‍ തീരെ സംസാരം കുറവാണ്. ഒരേ മനസോടെ ഒരേ ചിന്തയോടെ വേണം ഗെയിം പ്ലേ ചെയ്യാന്‍.

യാതൃശ്ചികമായി ഇവര്‍ ഈ ഗയിമിന്റെ റെക്കോര്‍ഡ് ശ്രദ്ധിക്കാന്‍ ഇടയായി. അപ്പോള്‍ തന്നെ തങ്ങള്‍ക്ക് പ്രിയമായ ഈ ഗയിം റെക്കോര്‍ഡ് മറികടക്കാന്‍ ഇരുവരും ശ്രമം തുടങ്ങി. ആദ്യമൊക്കെ മാതാപിതാക്കള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും, റെക്കോര്‍ഡ് ഇരുവരും സ്വന്തമാക്കിയതിന്റെ അമ്പരപ്പിലും സന്തോഷത്തിലും ആണ് രണ്ടുപേരുടെയും രക്ഷകര്‍ത്താകള്‍.

റെക്കോര്‍ഡ് സ്വന്തമാക്കിയതോടെ പുതിയ സമയം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് ഉറ്റ ചങ്ങാതിമാരായ സഞ്ജുവും വൈശാഖും പറഞ്ഞു.